പുള്ളിമാനിനെ വേട്ടയാടിയ കേസ്‌: ഒളിവിലായിരുന്നയാൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 09:56 PM | 0 min read

മാനന്തവാടി
പുള്ളിമാനിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്നയാൾ ഒരുവർഷത്തിനുശേഷം കീഴടങ്ങി. കുഞ്ഞോം കല്ലേരി ഹൗസിൽ ആലിക്കുട്ടി (56)യാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌(രണ്ട്) മുമ്പാകെ തിങ്കളാഴ്ച കീഴടങ്ങിയത്. പുള്ളിമാനിനെ വേട്ടയാടുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ വനപാലകരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതികൂടിയാണ് ആലിക്കുട്ടിയെന്ന്‌ വനപാലകർ പറഞ്ഞു.
2023 നവംബർ 23ന് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പേര്യ 35ലായിരുന്നു കേസിനാസ്പദമായ സംഭവം. ചന്ദനത്തോട് ഭാഗത്തുനിന്ന് പുള്ളിമാനിനെ വേട്ടയാടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ ഇവിടെ വനപാലകസംഘം എത്തിയിരുന്നു. സംശയം തോന്നി ഇതുവഴി വന്ന വാഹനത്തിന്‌ വനപാലകർ കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. കാറിനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ വി വിപിൻ (31), വി സുനിൽകുമാർ (30) എന്നിവരെ വാഹനമിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട്‌ നടത്തിയ പരിശോധനയിൽ പനന്തറപ്പാലത്തിന്‌ സമീപത്തുനിന്ന് വെടിവച്ചുകൊന്ന പുള്ളിമാനിന്റെ ജഡവും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ വാളാട് സ്വദേശികളായ ചാലിൽ അയൂബ് (38), കോമ്പി അബു (40) എന്നിവർ മുമ്പ് കീഴടങ്ങിയിരുന്നു. ആലിക്കുട്ടിയുടെ മകനും കൂട്ടുപ്രതിയുമായ മുഹമ്മദ്, പേര്യ സ്വദേശികളായ ആച്ചി എന്ന അബ്ദുൽ അസീസ്, മുഹമ്മദ് റഫി എന്നിവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായി പേര്യ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി സനൂപ് കൃഷ്ണൻ പറഞ്ഞു. ആലിക്കുട്ടിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ (രണ്ട്) റിമാൻഡ് ചെയ്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home