മൂടക്കൊല്ലിയിൽ കടുവ;
വനംവകുപ്പ്‌ കാമറ സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 07:47 PM | 0 min read

 
വാകേരി
മൂടക്കൊല്ലിയിൽ  പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നതിനെ തുടർന്ന്‌ പ്രദേശത്ത്‌ വനം വകുപ്പ്‌  കാമറ സ്ഥാപിച്ചു. പശുവിന്റെ ജഡം കണ്ടെത്തിയ ഭാഗത്ത്‌ മൂന്ന്‌ കാമറകളാണ്‌ സ്ഥാപിച്ചത്‌. മൂടക്കൊല്ലി മാരോട്ടിതടത്തിൽ പ്രജീഷിനെ കഴിഞ്ഞ വർഷം കടുവ കൊന്ന പ്രദേശത്തിനരികിലാണ്‌ വെള്ളിയാഴ്‌ച വീണ്ടും ആക്രമണം ഉണ്ടായത്‌. ഇരുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ പരിധിയിലെ വനാതിർത്തിയിൽ മേയാൻവിട്ട നാലുവയസ്സുള്ള ഗർഭിണിയായ പശുവിനെ കൊന്നു തിന്നുകയായിരുന്നു. 
 മുത്തിമല അനൂപിന്റെ പശുവാണ്‌ ചത്തത്‌. പശുവിന്റെ പാതി ശരീരഭാഗം ശനിയാഴ്‌ച വൈകിട്ട്‌ വനത്തിനുള്ളിലെ ചതുപ്പിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി,  കടുവാ ആക്രമണമാണെന്ന്‌ സ്ഥിരീകരിച്ചു. വീട്ടിൽനിന്നും 100 മീറ്റർ അകലെ വനാതിർത്തിയിലാണ്‌ അനൂപ്‌ പശുവിനെ കെട്ടിയിരുന്നത്‌. കെട്ടഴിഞ്ഞ പശു ഉള്ളിലേക്ക്‌  പോകുകയായിരുന്നെന്ന്‌ നാട്ടുകാർ പറഞ്ഞു. 
 ജനവാസ മേഖലയിൽനിന്നും അരക്കിലോമീറ്റർ അകലെയാണ്‌ പശുവിന്റെ ജഡം കണ്ടെത്തിയത്‌. വനത്തിനുള്ളിലാണ്‌ കടുവയുടെ സാന്നിധ്യം ഉണ്ടായതെന്നും ജനവാസമേഖലയിലേക്ക്‌ ഇറങ്ങാതിരിക്കാൻ ശക്തമായ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വയനാട്‌ വന്യജീവി സങ്കേതത്തിലെ കുറിച്യാട്‌ റെയ്‌ഞ്ചിൽ നിന്നാണ്‌ പ്രദേശത്ത്‌ കടുവയെത്തുന്നത്‌
 
പ്രജീഷിനെ കടുവ 
കൊന്നിട്ട്‌ ഇന്ന്‌
ഒരുവർഷം
പശുവിന്‌ പുല്ലരിയാൽ പോയ ക്ഷീരകർഷകൻ പ്രജീഷിനെ കടുവ കൊന്നിട്ട്‌ തിങ്കൾ ഒരുവർഷം പൂർത്തിയാകും. പ്രജീഷിനെ നഷ്‌ടമായതിന്റെ നീറ്റലടങ്ങുംമുമ്പ്‌ മൂടക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം ഉണ്ടായത്‌ പ്രദേശത്തെ ഭീതിലാക്കുകയാണ്‌. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് വീടിനടുത്തെ പാടത്തെത്തി പ്രജീഷിനെ കൊന്ന കടുവ പാതി ശരീരം ഭക്ഷിക്കുകയായിരുന്നു. പത്ത്‌ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ്‌  വനംവകുപ്പ്‌ കടുവയെ കൂടുവച്ച്‌ പിടികൂടിയത്‌. കടുവാ ആക്രമണത്തെ തുടർന്ന്‌ വലിയ ജനകീയ പ്രക്ഷോഭമുണ്ടായി.  പ്രജീഷിനെ കൊന്ന കടുവ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലാണിപ്പോൾ.
 


deshabhimani section

Related News

View More
0 comments
Sort by

Home