നുണകൾ തകർന്നടിഞ്ഞ്‌ ടി സിദ്ദിഖ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 10:19 PM | 0 min read

 
കൽപ്പറ്റ
ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പഴകിയ ഭക്ഷ്യക്കിറ്റ് നൽകിയത്‌ വിവാദമായിരിക്കെ  പഞ്ചായത്തിനെ ന്യായീകരിക്കാനും സർക്കാരിനെ കുറ്റപ്പെടുത്താനും മാധ്യമങ്ങളെ കണ്ട ടി സിദ്ദിഖ്‌ എംഎൽഎ ചോദ്യങ്ങൾക്കുമുന്നിൽ മലക്കം മറിഞ്ഞു. സെപ്‌തംബർ ഒമ്പതിന്‌ സന്നദ്ധ സംഘടന ഏൽപ്പിച്ച  ഭക്ഷ്യക്കിറ്റ്‌ രണ്ടുമാസത്തിനുശേഷം വിതരണംചെയ്‌ത പഞ്ചായത്താണ്‌ കുറ്റക്കാരെന്ന്‌ വ്യക്തമായിട്ടും സർക്കാരിനെതിരൊയുള്ള അദ്ദേഹത്തിന്റെ നുണകളാണ്‌ തകർന്നുവീണത്‌.  
സർക്കാർ നൽകിയ അരിയും ഭക്ഷ്യധാന്യങ്ങളും ഗുണനിലവാരം ഇല്ലാത്തവയാണെന്ന്‌ ടി സിദ്ദിഖ്‌ പറഞ്ഞു. സെപതംബർ 7,9 തീയതികളിൽ സർക്കാർ നൽകിയ   കിറ്റ്‌  മികച്ചതാണെന്ന് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ മേപ്പാടിയിൽ മാത്രം മോശമായി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്‌ മറുപടിയുണ്ടായില്ല. അന്ന് ലഭിച്ച അരി ഓണത്തിന് മുമ്പ് വിതരണം ചെയ്യാത്തതിനും ഉത്തരമില്ല. സന്നദ്ധ സംഘടന പഞ്ചായത്തിനെ ഏൽപ്പിച്ച കിറ്റിന്‌ സർക്കാർ എങ്ങനെ ഉത്തരവാദിയാവുമെന്ന സംശയത്തിന്, ആരുനൽകിയാലും ജില്ലാ അധികൃതർ  പരിശോധിക്കണമെന്നായിരുന്നു വാദം. പഞ്ചായത്തിന് അനുവദിച്ച  ഭക്ഷ്യവസ്തുക്കളുടെ കണക്കിൽ പോലും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നില്ല.
ഒക്‌ടോബർ 30ന്‌ സർക്കാർ 800 ചാക്ക് അരിയിൽ മുന്നൂറോളം ചാക്ക് കേടുവന്നതിനാൽ മാറ്റിവച്ചതായി എംഎൽഎ പറഞ്ഞു. ഏഴിന് ഡിവെെഎഫ്ഐയുടെ  സമരത്തെ തുടർന്ന്  ഗോഡൗൺ പരിശോധിച്ചിരുന്നു. സ്ഥലത്തെത്തിയ റവന്യു അധികൃതർ 800 ചാക്ക് അരി വിതരണംചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്‌  ചൂണ്ടിക്കാട്ടിയപ്പോൾ തീയതി പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും എല്ലാം സർക്കാർ നൽകിയ അരിയാണെന്നായി മറുപടി. പഴകിയ സാധനങ്ങൾ  നൽകുമ്പോൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യത്തിനും മറുപടിയില്ല. 
 പഴകിയ കിറ്റ് നൽകിയതിന്റെ അഞ്ചുദിവസം മുമ്പ് പഞ്ചായത്തിന്റെ ഗോഡൗൺ താൻ പരിശോധിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പഴയതാണെന്ന് കണ്ടിരുന്നുവെങ്കിൽ എന്തുകൊണ്ട് വിതരണം തടഞ്ഞില്ലെന്ന്‌ ചോദിച്ചപ്പോൾ അന്നല്ല പോയതെന്നായി മറുപടി. എൽഡിഎഫ് ദുരിതബാധിതരുടെ വിഷയം രാഷ്ട്രീയവൽക്കരിച്ചതായി പറഞ്ഞ അദ്ദേഹം  സ്വന്തം ഫോട്ടോ പതിപ്പിച്ച് സാധനങ്ങൾ വിതരണംചെയ്ത്‌ നടത്തിയ രാഷ്ട്രീയ മുതലെടുപ്പ് വിസ്മരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home