ആനപ്പാറ കടുവ ദൗത്യം കൂടെത്തിച്ചു;
ഇന്ന്‌ സ്ഥാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 09:32 PM | 0 min read

കൽപ്പറ്റ
ചുണ്ടേൽ ആനപ്പാറയിൽ പശുക്കളെ ആക്രമിച്ചുകൊന്ന കടുവകളെ പിടികൂടാനുള്ള ഭീമൻകൂട്‌ മൈസൂരൂവിൽനിന്ന്‌  ജില്ലയിലെത്തിച്ചു. തിങ്കളാഴ്‌ച ആനപ്പാറ എസ്‌റ്റേറ്റിൽ കൂട്‌ സ്ഥാപിക്കും.  കടുവകളെ പിടികൂടാനുള്ള ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്റെ അനുമതി ലഭ്യമായിട്ടുണ്ട്‌. കർണാടകം വനം വകുപ്പിന്റെ മൈസൂരു ഡിവിഷനിൽനിന്ന്‌ ഞായർ രാത്രിയോടെയാണ്‌ ലോറിയിൽ കൂട്‌ കൊണ്ടുവന്നത്‌. 32 അടി നീളവും 10 അടി വീതം  ഉയരവും വീതിയുമുണ്ട്‌.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്റെ നേതൃത്വത്തിലാണ്‌ കൂട്‌ കൊണ്ടുവന്നത്‌.  നേരത്തെ ഡിഎഫ്ഒയും സംഘവും മൈസൂരിലെത്തി കൂട്‌ കണ്ട്‌ അപേക്ഷ നൽകി. ഞായറാഴ്‌ച കർണാടകം ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌  ഔദ്യോഗികമായി കത്തും നൽകി.  
നാല്‌ കടുവകളാണ്‌ ആനപ്പാറമേഖലയിൽ ഭീതിപരത്തുന്നത്‌. അമ്മയും ഒരുവയസ്സുകഴിഞ്ഞ മൂന്ന്‌ കുട്ടികളുമാണ്‌. 
നാലിനെയും ഒരുമിച്ച് കൂട്ടിലാക്കാനുള്ള ദൗത്യമാണ്‌ വനംവകുപ്പിന്റേത്‌. വെല്ലുവിളി നിറഞ്ഞ ദൗത്യം വിജയിച്ചാൽ ഒരുമിച്ച്‌ നാലുകടുവകളെ പിടികൂടുന്നത്‌ രാജ്യത്തുതന്നെ ആദ്യമാകും. കഴിഞ്ഞ 20ന്‌ ആണ്‌ ആനപ്പാറയിൽ കടുവ പശുക്കളെ ആക്രമിച്ചത്‌. തോട്ടത്തിൽ മേയാൻവിട്ട മൂന്ന്‌ പശുക്കളെ കൊന്നു. തുടർന്ന്‌ സ്ഥാപിച്ച കാമറ ട്രാപ്പിൽ കടുവകളുടെ ചിത്രം പതിഞ്ഞു. ഇരയായി വച്ച പശുക്കളുടെ ജഡം പലതവണകളിലായെത്തി ഭക്ഷിച്ചു. പ്രദേശത്ത് വനപാലകരുടെ നിരീക്ഷണം തുടരുകയാണ്.  24 മണിക്കൂറും പട്രോളിങ്ങുണ്ട്. യാത്രക്ക്‌ നാട്ടുകാർക്ക്‌ വാഹന സൗകര്യം ഉൾപ്പെടെ വനം വകുപ്പ്‌ നൽകുന്നുണ്ട്‌. 
രാത്രിയിൽ ആർആർടി അംഗങ്ങളും വനപാലകരും സുരക്ഷയ്‌ക്കുണ്ട്‌. മുമ്പ് വയനാട് ചുരത്തിലും വൈത്തിരി ഭാഗത്തും കണ്ട കടുവകളാണ്‌ ഇതെന്നാണ്‌ വനപാലകരുടെ നിഗമനം. കടുവകളെ പിടകൂടണമെന്ന്‌ ആവശ്യപ്പെട്ട്‌ തിങ്കൾ രാവിലെ ആനപ്പാറ എസ്‌റ്റേറ്റിൽ തൊഴിലാളികൾ സമരം നടത്തും. 


deshabhimani section

Related News

View More
0 comments
Sort by

Home