പശുക്കളെ കൊന്നത്‌ കടുവ ഭീതിയിൽ ആനപ്പാറ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 08:11 PM | 0 min read

കൽപ്പറ്റ
ചുണ്ടേൽ ആനപ്പാറയിൽ പശുക്കളെ ആക്രമിച്ച്‌ കൊന്നത്‌  കടുവയാണെന്ന് സ്ഥിരീകരിച്ചു. ആനപ്പാറയിലെ തേയിലത്തോട്ടത്തിൽ വനം വകുപ്പ്‌ സ്ഥാപിച്ച കാമറയിൽ കടുവയുടെയും രണ്ട്‌ കുട്ടികളുടെയും ചിത്രം പതിഞ്ഞു. 
കാമറക്ക് സമീപത്ത്‌  ഇരയായി വച്ച പശുവിന്റെ ജഡത്തിന്റെ മുക്കാൽ ഭാഗവും തിങ്കൾ രാത്രി കടുവ  ഭക്ഷിച്ചു.  തോട്ടത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയാണ്‌ ഇരയാക്കിയത്‌. വാരിയത്ത് പറമ്പിൽ നൗഫലിന്റെ മൂന്ന് പശുക്കളെയാണ്‌ കഴിഞ്ഞദിവസം കൊന്നത്. വന്യമൃഗം ഏതാണെന്ന്‌ വ്യക്തമായിരുന്നില്ല. തുടർന്നാണ്‌ തേയിലത്തോട്ടത്തിൽ കാമറ ട്രാപ്പ്‌ സ്ഥാപിച്ചത്‌. പ്രദേശത്ത്‌ നിരീക്ഷണം ശക്തമാക്കി.
കടുവ എത്തിയ പ്രദേശത്തിന് സമീപം ചൊവ്വാഴ്‌ച  ലൈവ് കാമറയും മറ്റു നാല് കാമറ ട്രാപ്പുകളും  സ്ഥാപിച്ചിട്ടുണ്ട്. കടുവ ഭക്ഷിച്ച ജഡത്തിന്റെ ബാക്കി ഭാഗവും ഇവിടെ വച്ചിട്ടുണ്ട്. പ്രദേശവാസികളോട് നേരത്തെ വീടുകളിൽ എത്തണമെന്നും തനിച്ച്‌ യാത്രചെയ്യരുതെന്ന നിർദേശവും വനം ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്ക് യാത്രചെയ്യേണ്ടവർക്ക് വനംവകുപ്പിനെ ബന്ധപ്പെട്ടാൽ  സഹായം ലഭിക്കും. കാവലിനായി മുഴുവൻ സമയവും  വനപാലകരെയും ആർആർടി അംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ ക്യാമ്പ് ചെയ്ത്‌ കടുവയുടെ നീക്കം പരിശോധിക്കും.
 സാന്നിധ്യം സ്ഥിരീകരിച്ച  പ്രദേശത്ത്‌  ചൊവ്വാഴ്ച തൊഴിലാളികൾ  ജോലിയെടുത്തിട്ടില്ല.    കടുവയ്‌ക്കൊപ്പം കുട്ടികൾ ഉള്ളതിനാൽ കൂട് സ്ഥാപിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്‌.  ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും തുടർ നടപടികളെന്ന്‌ മേപ്പാടി റെയ്‌ഞ്ച്‌ ഓഫീസർ ഡി ഹരിലാൽ പറഞ്ഞു. 
 വയനാട്‌ വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അജേഷ് മോഹൻദാസ് എന്നിവരും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. 


deshabhimani section

Related News

View More
0 comments
Sort by

Home