മഴയിൽ മുങ്ങി

കൽപ്പറ്റ
അഞ്ചുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കെടുതി വ്യാപകമായി. തുടർച്ചയായി രണ്ടാം ദിവസവും അതിതീവ്ര മഴസാധ്യത കണക്കിലെടുത്തുള്ള റെഡ് അലർട്ട് പ്രഖ്യാപനം വന്നതോടെ ജില്ല കടുത്ത ആശങ്കയിലാണ്. 24 മണിക്കൂറിൽ 204 മില്ലിമീറ്ററിലധികം മഴപെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണുണ്ടായത്.
കബനിയുടെ കൈവഴികളായ മാനന്തവാടി, ബാവലി, കോളോത്ത്‌കടവ്, കാക്കവയൽ, മുത്തങ്ങ, പനമരം, തോണിക്കടവ് ഭാഗങ്ങളിലെല്ലാം വെള്ളം അപകടമുന്നറിയിപ്പ് നിരപ്പിലും മുകളിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചു. വെള്ളം കയറിയാണ് ഭൂരിഭാഗം കുടുംബങ്ങളും ക്യാമ്പുകളിലേക്ക് മാറുന്നത്. കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെയും നൂൽപ്പുഴയിലെ നുഗു അണക്കെട്ടിന്റെയും ഷട്ടറുകൾ തുറന്നതിനാൽ പുഴയോരങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിക്ക് അയവുവന്നു.
പലയിടത്തും മണ്ണിടിച്ചിലുണ്ട്. മഴക്കൊപ്പമുള്ള കാറ്റിൽ മരം കടപുഴകിവീണ് അപകടങ്ങളുണ്ടായിട്ടുണ്ട്. മുപ്പതിലധികം വീടുകൾ ഭാഗികമായി തകർന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലും പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി ഗതാഗതതടസ്സം നേരിട്ടു. നഗര–-ഗ്രാമവ്യത്യാസമില്ലാതെ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാൽച്ചുരത്തിൽക്കൂടിയുള്ള ഗതാഗതം ഒരാഴ്‌ചത്തേക്ക് നിർത്തിവച്ചു.
ദേശീയപാത മുത്തങ്ങ എടത്തറയിൽ റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ വലിയ മരം കടപുഴകി വീഴുകയായിരുന്നു. വ്യാഴം പകൽ പന്ത്രണ്ടോടെയാണ് സംഭവം.
ഈ സമയം വാഹനങ്ങൾ ഇതുവഴി പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
നൂൽപ്പുഴ പുഴയും കല്ലൂർ പുഴയും കരകവിഞ്ഞൊഴുകി. തകരപ്പാടിക്കും പൊൻകുഴിക്കും ഇടയിലുള്ള ആനക്കടവ് ഭാഗത്ത് റോഡിൽ വെള്ളം കയറി. കോഴിക്കോട്–-ബംഗളൂരു ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴി അമ്പലത്തിനുസമീപം വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പല വാഹനങ്ങളും വെള്ളത്തിൽ കുടുങ്ങി.
മുത്തങ്ങ ആലത്തൂർ ഭാഗത്തും വെള്ളക്കെട്ടുണ്ടായി. മുത്തങ്ങ എൽപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. പുഴയിൽനിന്ന് ഇരച്ചെത്തിയ വെള്ളം വയലുകളിലടക്കം നിറഞ്ഞ് വീടുകളിലെത്തുന്ന സാഹചര്യമാണുണ്ടായത്. നിരവധി ഗോത്ര ഉന്നതികളിലും വെള്ളം കയറി. നൂൽപ്പുഴ, നെന്മേനി, പൂതാടി പഞ്ചായത്തുകളിൽ നിന്നായി നൂറോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. തൂണുകൾക്കും തകരാർ സംഭവിച്ചു.
നൂൽപ്പുഴ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, നായ്ക്കട്ടി പഞ്ചായത്ത് കിണർ എന്നിവയോടുചേർന്ന് നായികുണ്ഡത്തിൽ നാസറിന്റെ വീട്ടിലേക്കുള്ള കരിങ്കല്ല് പതിച്ച റോഡിന്റെ ഭാഗവും കിണറിന്റെ സൈഡിൽ വാർത്ത സ്ലാബിന്റെ അടിഭാഗത്തായും കുഴി രൂപപ്പെട്ടു. പഞ്ചായത്ത് കിണറിനും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനും ഗർത്തം ഭീഷണിയാണ്. കേണിച്ചിറ–-പുൽപ്പള്ളി റൂട്ടിൽ ഗതാഗതം നിരോധിച്ചു. താഴത്തങ്ങാടി പാലം വെള്ളത്തിനടിയിലായതിനെ തുടർന്നാണ് കേണിച്ചിറ പൊലീസ് റോഡ് ബ്ലോക്ക് ചെയ്തത്.
കബനി നദിയിൽ വെള്ളമുയർന്നതോടെ അഞ്ച് കുടുംബങ്ങളെ ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. നാല് കുട്ടികൾ അടക്കം 14പേർ ക്യാമ്പിൽ എത്തിയിട്ടുണ്ട്. പാക്കം പുഴമൂല നഗറിലെ 14 കുടുംബങ്ങളെ സമീപത്തുള്ള പാക്കം എൽപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു









0 comments