ആ കൈകളാൽ വരദാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:37 AM | 0 min read

തൃശൂർ
‘തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ കൈകളിൽനിന്ന്‌ ആ പുരസ്കാരം ഏറ്റുവാങ്ങി. അതേ വർഷം  തൃശൂർ പൂരത്തിന്റെ പ്രമാണം വഹിക്കാൻ അവസരം.   വരദാനംപോലെ  24 വർഷം പ്രമാണസ്ഥാനം തുടർന്നു. 2023ൽ മുംബൈ  കേളിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സാക്കിർ ഹുസൈന്‌  താനും മട്ടന്നൂർ ശങ്കരൻകുട്ടിയുമാണ്‌ സമ്മാനിച്ചത്‌. അതെല്ലാം  മഹാഭാഗ്യ നിമിഷങ്ങൾ.   മേള പ്രമാണി  പെരുവനം കുട്ടൻമാരാർ ഇത്‌ പറയുമ്പോൾ  മനസ്സിൽ ജന്മസുകൃതത്തിന്റെ  കൊട്ടിക്കയറ്റം. 
     1999ൽ മുംബൈയിൽ കേളി സംഘടിപ്പിച്ച  ചടങ്ങിൽ കുട്ടൻ മാരാർക്ക്‌  പ്രോമിസിങ് ആർട്ടിസ്‌റ്റിനുള്ള അവാർഡാണ്‌  സാക്കിർ ഹുസൈൻ സമ്മാനിച്ചത്‌. അതേ വർഷമാണ്‌  പാറമേക്കാവ്‌ വിഭാഗത്തിന്റെ  ഇലഞ്ഞിത്തറ മേളത്തിൽ പ്രമാണിയായത്‌. 2022 വരെ  പ്രമാണിസ്ഥാനത്ത് തുടർന്നു. കേളിയുടെ 25–ാം വാർഷികത്തോടനുബന്ധിച്ച്‌  2017ൽ  തൃശൂർ പെരുവനത്തെത്തിയ സാക്കിർ ഹുസൈനെ പെരുവനം കുട്ടൻ മാരാരും സംഘവും ചേർന്നാണ്‌ പാണ്ടിമേളത്തോടെ  സ്വീകരിച്ചത്.  ഈ പെരുവനം ഗ്രാമോത്സവത്തിന്റെ ഉപഹാരമായി പെരുവനം കുട്ടൻമാരാർ വായിച്ച  ചെണ്ടക്കോൽ സ്വർണത്തിൽ പൊതിഞ്ഞ്‌   മുംബൈയുടെ കേളി അവാർഡ്‌ ദാന ചടങ്ങിൽ  ഡയറക്ടർമാരായ  അജയ്യകുമാറും രാജീവ് മേനോനും  സാക്കിർ ഹുസൈന്‌  സമ്മാനിച്ചു. 
 ഈ ദിവസം കുട്ടൻമാരാരുടെ 70–-ാം പിറന്നാളായിരുന്നു.  ഇതറിഞ്ഞ സാക്കിർ ഹുസൈൻ പിന്നിലൂടെ നാടകീയമായെത്തി കെട്ടിപ്പിടിച്ച്‌ ജന്മദിന ആശംസകൾ നേർന്നു.  പൊന്നാടയും അണിയിച്ചു.   ഇതോടെ കുട്ടൻമാരാർ നിലത്തേക്കിരുന്ന്‌ ഭൂമിയെ  നമസ്‌കരിച്ചു.  
തുടർന്ന്‌  കേളി രാമചന്ദ്രൻ വിഭവ സമൃദ്ധമായ പിറന്നാൾ സദ്യ ഒരുക്കി. ഈ സദ്യയിൽ സാക്കിർ ഹുസൈനും റസൂൽ പൂക്കുട്ടിയും മട്ടന്നൂരുമെല്ലാം പങ്കെടുത്തു. 
താളവിന്യാസംകൊണ്ട് തന്റെ മനസ്സിൽ ദൈവതുല്യനായിരുന്നു  സാക്കിർ ഹുസൈനെന്ന്‌  കുട്ടൻമാരാർ  സ്‌മരിച്ചു. വാദ്യപ്രയോഗങ്ങൾ അദ്ദേഹത്തെ കേരളത്തോടടുപ്പിച്ചു.  വീണ്ടും അദ്ദേഹത്തിന്റെ വരവിനായി  കാത്തിരിക്കുകയായിരുന്നു.  പക്ഷേ, ആ മാന്ത്രിക സ്‌പർശം ഇനി ഓർമകളിൽ മാത്രമാണെന്നും പെരുവനം കുട്ടൻ മാരാർ അനുസ്‌മരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home