കോൺഗ്രസ് 
ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:04 AM | 0 min read

ചേലക്കര 
ചേലക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയെ തുടര്‍ന്ന് കോൺഗ്രസിൽ പൊട്ടിത്തെറി. ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എം അനീഷ് സ്ഥാനം രാജിവച്ചു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപിക്കും കെപിസിസി നേതൃത്വത്തിന് ഇമെയിലിലും രാജിക്കത്ത് നല്‍കി. ചേലക്കരയിലെ തോൽവിയിൽ നിരാശനായിട്ടാണ്‌ രാജിയെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും നേതൃത്വത്തെ അറിയിച്ചുണ്ടത്രെ. യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസിന്റെ  നോമിനിയായാണ്‌ പി എം അനീഷ് ബ്ലോക്ക് പ്രസിഡന്റാകുന്നത്‌. 
പെയ്ഡ് സീറ്റായി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നതാണ്‌ അനീഷിനെതിരെ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. മുതിര്‍ന്ന നേതാവായ ടി ഗോപാലകൃഷ്ണനായിരുന്നു അനീഷിനെതിരെ മത്സരിക്കാൻ രംഗത്തുണ്ടായിരുന്നത്‌. പക്ഷേ കെപിസിസി നേതൃത്വത്തിൽ രമ്യ ഹരിദാസിനുള്ള സ്വാധീനം അനീഷിന്‌ തുണയായി. ഉപ തെരcഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ രമ്യ ഹരിദാസിനെ പി എം അനീഷ് തിരിച്ചും സഹായിച്ചു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന പ്രവർത്തകരുടെ താക്കീത് കാറ്റിൽപ്പറത്തിയാണ് രമ്യയെ വീണ്ടും മത്സരിപ്പിച്ചത്. ചേലക്കരയിൽ രമ്യക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി രമ്യക്കൊപ്പം പി എം അനീഷിനും തിരിച്ചടിയായി. കേന്ദ്രത്തിലേയും കേരളത്തിലേയും കോൺഗ്രസ്‌ നേതാക്കൾ ഒന്നടങ്കം  രംഗത്തിറങ്ങിയിട്ടും ചേലക്കരയിൽ യുഡിഎഫിന്‌ വലിയ തോൽവിയാണുണ്ടായത്‌. ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ചേലക്കര കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പി എം അനീഷായിരുന്നു അധ്യക്ഷൻ. അതിനുശേഷമാണ് രാജിവച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home