അവര്‍ ചിരിക്കട്ടെ; 
ആത്മവിശ്വാസത്തോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:37 AM | 0 min read

തൃശൂർ
സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ‘മന്ദഹാസം’ പദ്ധതിയിലൂടെ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് വയോജനങ്ങള്‍. പല്ലുകൾ നഷ്ടപ്പെടുമ്പോൾ വയോജനങ്ങൾക്കുണ്ടാകുന്ന ആരോ​ഗ്യപരവും മാനസികവുമായ പ്രയാസം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് മന്ദഹാസം. ഇതിലൂടെ വയോജനങ്ങള്‍ക്ക് കൃത്രിമ പ്പല്ലുകളുടെ പൂർണ സെറ്റ് വയ്ക്കാനുള്ള ധനസഹായം ലഭിക്കും.
ജില്ലയില്‍ ഇതുവരെ 147 വയോജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു.  2018–- 19 വര്‍ഷത്തില്‍ 118 പേര്‍ക്കും 2020–21ല്‍ 18 പേര്‍ക്കും  2023–- 24ല്‍ ഒമ്പതുപേര്‍ക്കും  ധനസഹായം നല്‍കി. 2024–- 25 വര്‍ഷത്തില്‍ ഇതുവരെ 144 അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതില്‍ 56 പേര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്ന് സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ കെ ആര്‍ പ്രദീപന്‍ പറഞ്ഞു. 
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലാണെന്ന് ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ എന്നിവർക്കാണ് കൃത്രിമപ്പല്ല് വയ്ക്കാനുള്ള സഹായത്തുക ലഭിക്കുന്നത്. പരമാവധി 10,000 രൂപയാണ് നൽകുന്നത്. ഭാ​ഗികമായി മാത്രം പല്ലുകൾ മാറ്റിവയ്ക്കാൻ ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷകരിൽ ഏറ്റവും പ്രായമുള്ളയാൾക്കാകും ആദ്യ പരി​ഗണന ലഭിക്കുക. 
സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേ വാസികൾക്കും മുൻ​ഗണന ലഭിക്കും. ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്ന് തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.   സുനീതി പോർട്ടൽ വഴിയാണ് (www.suneethi.sjd.Kerala. gov.in) അപേക്ഷിക്കേണ്ടത്.


deshabhimani section

Related News

0 comments
Sort by

Home