റഷ്യൻ യുദ്ധമുഖത്ത് മലയാളികൾ; ഭീതിയിൽ കുടുംബം

വടക്കാഞ്ചേരി
റഷ്യയിൽ കൂലിപ്പട്ടാളത്തിലകപ്പെട്ട മലയാളി യുവാക്കളുടെ കുടുംബങ്ങൾ ആശങ്കയിൽ. തെക്കുംകര കുത്തുപാറ തെക്കേ മുറിയിൽ ജെയിൻ കുര്യൻ (27), സഹോദരീ ഭർത്താവ് കുട്ടനെല്ലൂർ തോളത്ത് ബിനിൽ ബാബു(37) എന്നിവരാണ് റഷ്യയിൽ നിർബന്ധിത പട്ടാള ജോലി ചെയ്യേണ്ട അവസ്ഥയിലെത്തിയത്. ബന്ധുവായ ഏജന്റിന്റെ ചതിയിലാണ് ഇവർ റഷ്യയിൽ യുദ്ധമുഖത്തെത്തിയതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
2024 ഏപ്രിൽ 24നാണ് ഇവർ ജോലിക്കായി നാടുവിട്ടത്. പോളണ്ടിൽ മികച്ച ശമ്പളത്തോടെ ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലിയെന്നാണ് ഏജന്റ് വിശ്വസിപ്പിച്ചത്. എത്തിപ്പെട്ടത് റഷ്യയിലാണ്. ലഭിച്ച ജോലി കൂലി പ്പട്ടാളത്തിലും. അപകടകരമായി ഒന്നും ചെയ്യേണ്ടതില്ലെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗതികെട്ട് അവർ പറയുന്ന കടലാസുകളിൽ ഒപ്പിട്ടും നൽകി. ആദ്യമൊക്കെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഇപ്പോൾ അതിനുപോലും അവസരമില്ല. ഇനി വിളിച്ചാൽ കിട്ടാത്ത യുദ്ധമുഖത്തേക്കാണ് പോകുന്നതെന്ന് അവസാനം വിളിച്ചപ്പോൾ ഇരുവരും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
നല്ലൊരു ജോലി സ്വപ്നം കണ്ട് കടൽ കടക്കാനൊരുങ്ങുമ്പോൾ ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്‌സി ഗർഭിണിയായിരുന്നു. നാലുമാസം മുമ്പ് ഒരു ആൺകുഞ്ഞ് പിറന്നു. ജെയിൻ കുര്യൻ അവിവാഹിതനാണ്.
മലയാളികളെ
തിരിച്ചെത്തിക്കാൻ ശ്രമം
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നതിനെ ത്തുടർന്ന് ദുരിതമനുഭവിക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി. ഇവരെ കൂലിപ്പട്ടാളത്തിൽ ചേർത്ത് യുദ്ധമുഖത്തേക്ക് നിയോഗിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. വിഷയത്തിൽ നോർക്ക അധികൃതർ ഇടപെട്ടു. മാധ്യമവാർത്ത കണ്ട് വ്യാഴാഴ്‌ച നോർക്ക വീണ്ടും മോസ്‌കോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. എത്രയും വേഗം ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ച് വരികയാണെന്ന് എംബസി അധികൃതർ അറിയിച്ചതായി നോർക്ക സിഇഒ അജിത് കോളാശ്ശേരി പറഞ്ഞു. യുവാക്കൾ സേനയിൽ ചേരാൻ സമ്മതപത്രം നൽകിയതിന്റെ രേഖകളുണ്ട്. പട്ടാള വിഷയമായതിനാൽ സങ്കീർണതകളുണ്ട്. വിവിധ വകുപ്പുകളുടെ തീരുമാനങ്ങൾ ആവശ്യമാണ്. എന്നാൽ പോളണ്ടിൽ മികച്ച ശമ്പളവുമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലിയെന്ന് ഏജന്റ് വിശ്വസിപ്പിച്ചാണ് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. പിന്നീട് കൂലിപ്പട്ടാളത്തിൽ ചേർത്തു.
അപകടകരമായി ഒന്നും ചെയ്യേണ്ടതില്ലെന്ന് വിശ്വസിപ്പിച്ചു. ഒടുവിൽ യുദ്ധമുഖത്തെത്തിച്ചു. 2024 ഏപ്രിൽ 24 നാണ് വലിയസ്വപ്നങ്ങളുമായി ഇവർ നാടുവിട്ടത്.









0 comments