ലോറിയിൽ കടത്തിയ 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:27 AM | 0 min read

മണ്ണുത്തി 
ദേശീയപാത തിരുവാണിക്കാവിൽ  മുന്തിരി കൊണ്ടുപോവുകയായിരുന്ന ലോറിയിൽ കടത്തിയ 2,600 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ പാലക്കാട്  പള്ളിപ്പുറം കള്ളിക്കാട് കേത്തപ്പൻ വീട്ടിൽ ഹരി, തൃശൂർ കുറുമ്പിലാവ് സ്വദേശി പുളിപറമ്പിൽ വീട്ടിൽ പ്രദീപ് എന്നിവരെ മധ്യ മേഖലാ കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ സി യു ഹരീഷ്, തൃശൂർ റേഞ്ച് ഇൻസ്പെക്ടർ കെ കെ സുധീർ, അസിസ്റ്റന്റ് എക്സൈസ് കമീഷണറുടെ അന്വേഷണ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 
ബം​ഗളൂരുവിൽ നിന്ന് 79 കന്നാസുകൾ കാർട്ടൻ ബോക്സ് ഉപയോഗിച്ച് പാക്ക് ചെയ്ത് മുകളിൽ മുന്തിരി ക്രെയ്റ്റുകൾ കൊണ്ടുമറച്ച് അതീവ രഹസ്യമായാണ് ലോറിയില്‍ സ്പിരിറ്റ് കടത്തിയത്. 
സ്പിരിറ്റ് മണ്ണുത്തിയിൽ പ്രദീപിനെ ഏൽപ്പിക്കുന്നതിനാണ് ഹരി എത്തിയത്. പ്രദീപ് സ്പിരിറ്റ് ലോറി എടുക്കുന്നതിന് കൊടുങ്ങല്ലൂർ സ്വദേശിയായ  ജിനീഷുമായി മണ്ണുത്തിയിൽ കാറിൽ എത്തിയതായിരുന്നു. വണ്ടി കൈമാറാൻ ശ്രമിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ എക്സൈസ് സംഘം ലോറി തടയുകയായിരുന്നു. ഇതിനിടെ ജിനീഷ് അതിവേ​ഗത്തില്‍ കാറുമായി കടന്നു. പിന്തുടര്‍ന്നെത്തിയ ‌‌എക്സൈസ് സംഘത്തിന്റെ കാറില്‍ ഇയാള്‍ വാഹനം ഇടിപ്പിച്ച് രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. 
സ്പിരിറ്റ് ലോറി എടുക്കുന്നതിനായി കാറിൽ നിന്നിറങ്ങിയ പ്രദീപിനെയും ലോറി ഡ്രൈവർ ഹരിയെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. 
ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വ്യാജമദ്യം നിർമിക്കുന്നതിനാണ് സ്പിരിറ്റ് എത്തിച്ചത്. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വാഹന പരിശോധനയും റെയ്ഡും കർശനമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ സി സുനു പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home