കാർഷിക സർവകലാശാലയിൽ 6 ഹൈബ്രിഡ് കൊക്കോ

വെള്ളാനിക്കര
കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം അത്യുൽപ്പാദന ശേഷിയുള്ള ആറ് പുതിയ കൊക്കോ ഹൈബ്രിഡുകൾ വികസിപ്പിച്ചു. സിസിആർപി 16, 17, 18, 19, 20, 21 എന്നീ ഇനങ്ങളാണ് വികസിപ്പിച്ചത്. സിസിആർപി 15 എന്ന ഇനത്തേക്കാൾ 30 മുതൽ 60 ശതമാനം വരെ വിളവുനൽകുന്നതാണ് പുതിയയിനങ്ങള്‍.
ഉണക്കക്കുരു, പച്ചക്കുരു എന്നിവയുടെ തൂക്കത്തിലും കൂടുതലാണ്. വിദേശരാജ്യങ്ങളിൽ കൊക്കോയെ ബാധിക്കുന്ന കൊമ്പുണക്ക രോഗം (വാസ്ക്കുലാർ സ്ട്രീക്ക്ഡൈ ബാക്ക്) പൂർണമായും പ്രതിരോധിക്കാൻ ഈ ഹൈബ്രിഡുകൾക്ക് ശേഷിയുണ്ട്. 40 ശതമാനത്തോളം കൊക്കോ വിളവ് കുറക്കുന്ന കറുത്ത കായ് രോഗത്തേയും പ്രധാനകീടമായ തേയില കൊതുകിനേയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ ആറു ഹൈബ്രിഡ് ഇനങ്ങളും. മാറുന്ന കാലാവസ്ഥയെ അതിജീവിക്കാനായി വരൾച്ച പ്രതിരോധശേഷിയും ഇവയ്ക്കുണ്ട്. ആറ് ഹൈബ്രിഡുകൾ കൂട്ടിക്കലർത്തി മാതൃ വൃക്ഷങ്ങളായി പോളിക്ലോണൽ തോട്ടംവച്ചുപിടിപ്പിച്ച് അവയിൽ നിന്നുള്ള ഹൈബ്രിഡ് തൈകൾ കർഷകന് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഹൈബ്രിഡുകളുടെയും സമ്മിശ്ര ഗുണഫലങ്ങൾ കർഷകന് ലഭിക്കും. കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം മേധാവി ഡോ. എസ്മിനിമോളുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഹൈബ്രിഡുകൾ വികസിപ്പിച്ചെടുത്തത്. മോണ്ടലീസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡ്ബറി) യുടെ ബാഹ്യസഹായ ഗവേഷണ പദ്ധതിയുടെ ഭാഗമായാണിത്.









0 comments