വാരിയം പടവിൽ കൃഷിനാശം: 
കർഷകർ പ്രക്ഷോഭത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:51 AM | 0 min read

അരിമ്പൂർ
കനത്ത മഴയിൽ ഇറിഗേഷൻ  മെയിൻചാൽ നിറഞ്ഞ്  മനക്കൊടി -–- പുള്ള് റോഡിലൂടെ മനക്കൊടി വാരിയം പടവിലേക്ക് വെള്ളം ഒഴുകുന്നതിനാൽ  പാടശേഖരത്തിലെ നെൽ കൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ. റോഡ് ഉയർത്തി നെൽകൃഷിയെ സംരക്ഷിക്കണമെന്ന നിരന്തര ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച രാവിലെ 8. 30 ന് വാരിയം കോൾ മോട്ടോർ ഷെഡ്ഡിന് സമീപം റോഡ് ഉപരോധിക്കുമെന്ന് പടവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.  
   കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും ചേർന്നാണ്  ഉപരോധിക്കുക.  സമീപ പടവുകളിൽ കൃഷിയിറക്കാനായി വെള്ളം പമ്പ് ചെയ്തു കയറ്റിയതിനെത്തുടർന്ന് മെയിൻ ചാൽ നിറഞ്ഞ് നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി  മഴ പെയ്തത്. 
     മഴയിൽ  മെയിൻ ചാലിൽ നിന്ന് വെള്ളം റോഡിനു മുകളിലൂടെ കവിഞ്ഞ് വാരിയം പടവിൽ നിറയുകയാണ്. വാരിയം പടവിലെ 118 ഏക്കർ നെൽകൃഷിയാണ്  വെള്ളത്തിൽ മുങ്ങി നശിക്കാൻ പോകുന്നതെന്ന് പടവ് സെക്രട്ടറി കെ കെ അശോകൻ പറഞ്ഞു. ഈ പടവിൽ ഞാറ് നട്ടിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. മെയിൻ ചാലിന്റേയും വാരിയം പടവിന്റേയും ഇടയിലുള്ള മനക്കൊടി - പുള്ള് റോഡ് താഴ്ന്ന് കിടക്കുന്നതിനാലാണ് ചാലിലെ വെള്ളം റോഡ് കവിഞ്ഞ് പാടത്തേക്ക് ഒഴുകുന്നത്. ഇതുമൂലം ഇവിടെ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയും ഉണ്ട്. അര കിലോമീറ്ററോളം ദൈർഘ്യത്തിൽ ഈ ഭാഗത്ത്  റോഡ് ഉയരം കൂട്ടി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയിട്ട് 14 വർഷമായിട്ടും പരിഹാരമായില്ലെന്നും അദ്ദേഹം പറഞ്ഞു.   ഓരോ വർഷവും  കൃഷി നശിക്കുന്ന സ്ഥിതി ആവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയും നേരിടേണ്ടി വരുന്നതായി കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ റോഡ് ഉപരോധത്തിനും തുടർ സമര പരിപാടികൾക്കും കർഷകർ ഒരുങ്ങുന്നതെന്നും അവർ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home