പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കും: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:51 AM | 0 min read

ചെറുതുരുത്തി
കലാമണ്ഡലത്തിൽ  പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക  മന്ത്രി സജി ചെറിയാൻ അറിയിച്ചു. കെ രാധാകൃഷ്ണൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ്‌ നടപടി. സാംസ്കാരിക മന്ത്രി വി സിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു. 
ഞായറാഴ്ച കലാമണ്ഡലത്തിലെ താൽക്കാലിക  ജീവനക്കാരുടെയും കലാമണ്ഡലം എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിൽ കെ രാധാകൃഷ്ണൻ എംപിക്കും  നിയുക്ത എംഎൽഎ യു ആർ പ്രദീപിനും നിവേദനം നൽകിയിരുന്നു. ഏറെക്കാലമായി കേരളകലാമണ്ഡലം കൽപ്പിത സർവകലാശാലയെ ബാധിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, താൽക്കാലിക അധ്യാപക- –-അനധ്യാപകരെ മാറ്റിനിർത്തിയ നടപടി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗുരുതര  പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ്. 
ബന്ധപ്പെട്ടവർ നിലവിലെ സാഹചര്യത്തിന്റെ  ഗൗരവം ഉൾക്കൊണ്ട് അടിയന്തിര ഇടപെടൽ നടത്തി പ്രശ്നപരിഹാരത്തിനുള്ള നടപടി കൈക്കൊള്ളണമെന്ന് കലാമണ്ഡലം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌  രചിത രവി, സെക്രട്ടറി  കലാമണ്ഡലം ഹരിനാരായണൻ എന്നിവർ ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടിയിലും കെ രാധാകൃഷ്ണന്റെ ഉറപ്പിലും പൂർണ വിശ്വാസമുണ്ടെന്ന് ജീവനക്കാർ പ്രതികരിച്ചു. 125 ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടിരുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home