ഗുരുവായൂർ ഏകാദശി: ഒരുക്കങ്ങൾ പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:57 PM | 0 min read

ഗുരുവായൂർ
ഗുരുവായൂർ ഏകാദശിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 11നാണ് ഏകാദശി. ദശമി നാളായ ഡിസംബർ 10നാണ്  ഗജരാജൻ കേശവൻ അനുസ്മരണ ദിനം.    ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി വർഷമാണിത്.  ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ  ദേവസ്വം സംഘടിപ്പിക്കും.
ബുധൻ രാവിലെ ഏഴു മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചന ആരംഭിക്കും. മൂവായിരത്തിലധികം  പേർ സംഗീതാർച്ചന നടത്തും.  ഇന്ത്യയിലെ  പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന വിശേഷാൽ കച്ചേരികളും അരങ്ങേറും. വൈകിട്ട് ആറുമുതൽ 10 വരെയാണ് വിശേഷകച്ചേരികൾ. ഗുരുവായൂർ ഏകാദശി ദിനത്തിൽ  രാവിലെ ഏഴു മുതൽ ക്ഷേത്രം ആധ്യാത്മിക ഹാളിൽ സമ്പൂർണ ശ്രീമദ് ഗീതാപാരായണം നടക്കും. 
രാവിലെ ആറു  മുതൽ രണ്ടുവരെ വിഐപി സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‌ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവർക്കുള്ള വരി രാവിലെ അഞ്ചിന് അവസാനിപ്പിക്കും. അന്ന്‌ വിശേഷാൽ വാദ്യമേളം അരങ്ങേറും.
ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ ഒമ്പതു മുതൽ തുടങ്ങും. ക്ഷേത്രം അന്ന ലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്.  ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ ഒമ്പതിന് പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും. ദ്വാദശി ദിവസം രാവിലെ എട്ടു വരെ മാത്രമേ ദർശനസൗകര്യം ഉണ്ടാകൂ. അന്നലക്ഷ്മി ഹാളിനോട് ചേർന്നുള്ള പന്തലിൽ ദ്വാദശി ഊട്ടും ഉണ്ടാകും.ഏകാദശി ദിവസം രാത്രി 12 മുതൽ ക്ഷേത്രം നട രാവിലെ അടയ്‌ക്കുന്നതുവരെ ദ്വാദശിപ്പണം സമർപ്പിക്കാം. ദേവസ്വം ഭരണ സമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home