എല്ലാ കാഴ്ചപരിമിതരും അക്ഷരലോകത്തേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:25 AM | 0 min read

തൃശൂർ 
എല്ലാ കാഴ്ച പരിമിതരേയും അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനായി ദീപ്തി ബ്രെയിലി സാക്ഷരതാ ക്ലാസുകൾക്ക് തുടക്കം. സംസ്ഥാന –- ജില്ലാ സാക്ഷരതാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ബ്ലൈൻഡ് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാ ബ്ലോക്കുകളിലും ക്ലാസുകൾ ആരംഭിക്കും. ജില്ലയിൽ ആദ്യഘട്ടമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലാണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. നടവരമ്പ് ഗവ. ഹൈസ്‌കൂളിലെ ആദ്യ ക്ലാസ്‌ മന്ത്രി ഡോ. ആർ  ബിന്ദു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് അധ്യക്ഷനായി. പഠിതാക്കൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്‌തു. 
കാഴ്‌ച പരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങൾക്ക് പുറമേ എഴുതിപ്പഠിക്കാൻ പ്രത്യേകം പ്ലാസ്‌റ്റിക്‌ സ്ലേറ്റുകളും സൂചികളും വർക്ക്‌ ബുക്കും നൽകി.  സംസ്ഥാന സാക്ഷരതാ മിഷനാണ്‌ സാമഗ്രികൾ  വിതരണം ചെയ്യുന്നത്‌. പ്രത്യേകം പരിശീലനം ലഭിച്ച ഇൻസ്‌ട്രക്ടർമാർ വഴി ഞായറാഴ്‌ചകളിലാണ്‌ ക്ലാസ്‌. ജില്ലാ പഞ്ചായത്ത്‌ ഇതിനായി ഫണ്ട്‌ നീക്കിവച്ചിട്ടുണ്ട്‌. 
വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ധനീഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്തംഗം മാത്യൂസ്, ഡോ. മനോജ്‌ സെബാസ്റ്റ്യൻ, കൊച്ചുറാണി മാത്യു, കെ എം സുബൈദ, മുരളീധരൻ,  ജോണി, ജിതേഷ്, സുരേഷ്, ജയരാജ്, ബേബി ജോയ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home