‘ഇനിയൊരു സമ്മേളനത്തിൽ
ഞാനുണ്ടായേക്കില്ല’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:23 AM | 0 min read

മണലൂർ
"അടുത്ത തവണ പാർടി സമ്മേളനം ആകുമ്പോഴേക്കും ഞാൻ ഉണ്ടായില്ലെങ്കിലോ’ പ്രസീഡിയം സമയം കഴിഞ്ഞു എന്ന് ഓർമപ്പെടുത്തി ബെല്ലടിച്ചെങ്കിലും രാമകൃഷ്ണൻ ഇത്രയും കൂടി പറഞ്ഞാണ്‌   തന്റെ സംസാരം നിർത്തിയത്‌. സിപിഐ എം കാരമുക്ക് ലോക്കൽ സമ്മേളന പരിപാടികൾക്കിടയിൽ കുഴഞ്ഞു വീണു മരിച്ച  പാലാഴി പടിഞ്ഞാറ് ബ്രാഞ്ച് അംഗം കണ്ണംപറമ്പിൽ രാമകൃഷ്ണൻ പ്രവർത്തകർക്ക്‌ തീരാവേദന ബാക്കിയാക്കിയാണ്‌  ജീവിതത്തിൽ നിന്ന്‌ മടങ്ങിയത്‌ . തനിക്ക് നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ്‌  രാമകൃഷ്ണൻ ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞത്‌.  ‘‘എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ സംസാരിക്കാനുണ്ട്‌,  അടുത്ത തവണ പാർടി സമ്മേളനം ആകുമ്പോഴേക്കും ഞാൻ ഉണ്ടായില്ലെങ്കിലോ’  എന്ന  അഭ്യർഥനയിൽ  പ്രസീഡിയം  വീണ്ടും അദ്ദേഹത്തിന്‌  സമയം അനുവദിച്ചു.  പറയാനുള്ളതെല്ലാം പറഞ്ഞു നിർത്തിയാണ്‌  ഇദ്ദേഹം ഇരുന്നത്.  സമ്മേളനം നടപടികൾക്കിടെ ഭക്ഷണത്തിനുവേണ്ടി പിരിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടായത്‌. ആദ്യം കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു . കാരമുക്ക് ലോക്കൽ സമ്മേളനത്തിൽ മുതിർന്ന അംഗമെന്ന നിലയിൽ പതാക ഉയർത്തിയത്‌ രാമകൃഷ്ണണായിരുന്നു. 1960 കളിലെ പാലാഴി കണ്ടശാങ്കടവ് പുഴയോര മേഖലയിൽ നടന്ന ചകിരി തൊഴിലാളി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു. ദീർഘകാലം സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായും കർഷകസംഘം ഭാരവാഹിയായും പ്രവർത്തിച്ചു..


deshabhimani section

Related News

View More
0 comments
Sort by

Home