വനപാലകര്‍ സഞ്ചരിച്ച 
ജീപ്പിന് നേരെ കാട്ടാന ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:41 PM | 0 min read

ചാലക്കുടി 

വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. അതിരപ്പിള്ളി കണ്ണംകുഴിയിൽ വനപാലകർ സഞ്ചരിച്ച ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. ജീപ്പിനകത്ത് അഞ്ച് വനപാലകരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മൻസിൽ റിയാസ്(37), ഫോറസ്റ്റ് വാച്ചർ വെറ്റിലപ്പാറ കിണറ്റിങ്കൽ ഷാജു(47) എന്നിവർക്കാണ് പരിക്കേറ്റത്. ചാർപ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 
വെള്ളിയാഴ്ച പകൽ 11ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി വാഴച്ചാൽ വനം ഡിവിഷൻ അതിർത്തിയായ കുണ്ടൂർമേടിൽ മൂന്ന് ദിവസത്തെ ഉൾവന പരിശോധനാ ക്യാമ്പ് കഴിഞ്ഞ് തിരിച്ച് വരുന്നവഴി കണ്ണംകുഴി സ്റ്റേഷൻ പരിധിയിലെ ബടാപാറക്കടുത്തായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വരികയായിരുന്നു ജീപ്പിന് മുന്നിലൂടെ കാട്ടാനയെത്തി ജീപ്പിൽ ഇടിച്ചു. ആദ്യത്തെ ഇടിയൽ റിയാസ് പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചക്കിടയിൽ ആനയുടെ തട്ടേറ്റ് റിയാസിന്റെ മുതികിന് താഴെ പരിക്കേറ്റു. ജീപ്പിന്റെ കമ്പിയിലിടിച്ച് ഷാജുവിന്റെ തലയ്ക്കും പരിക്കേറ്റു. ആനയുടെ അക്രമണത്തിൽ നിന്നും തലനാരിഴക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. അഞ്ചോളം തവണ കുത്തി ജീപ്പ് മറിച്ചിട്ടശേഷമാണ് ആന കാട്ടിലേക്ക് കയറിപോയത്. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ മറ്റൊരു ജീപ്പിൽ പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചു. ഡിഎഫ്ഒ ആർ ലക്ഷ്മിയും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home