പുതുക്കാട്‌ ആരോഗ്യമേഖല അവലോകന യോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:23 AM | 0 min read

പുതുക്കാട്
 മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ   പ്രവൃത്തികളുടെയും സേവനങ്ങളുടെയും അവലോകന യോഗം  കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
ബ്ലോക്ക്‌ പ്രതിരോധ യൂണിറ്റ് മറ്റത്തൂർ ആരോഗ്യകേന്ദ്രത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി എപ്പിഡെമിയോളജിസ്റ്റ്, ഡാറ്റാ മാനേജർ, ലാബ് ടെക്‌നീഷ്യൻ എന്നീ പോസ്റ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഡി പി എം ഡോ. സജീവ്കുമാർ അറിയിച്ചു. മറ്റത്തൂർ ആശുപത്രിയെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും.  ആറാട്ടുപുഴ, മുപ്ലിയം സബ് സെന്ററുകളുടെ നിർമാണത്തിനായി 55.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന്‌ എം എൽ എ അറിയിച്ചു. കുണ്ടായി സബ് സെന്ററിന്റെ നിർമാണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.   
 179 ലക്ഷം രൂപ ചെലവിൽ നിർമിച്ച താലൂക്ക്‌  ആശുപത്രിയിലെ ഐസൊലേഷൻ വാർഡ്‌ കെട്ടിടം ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കും. 325 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിട സമുച്ചയം ഫെബ്രുവരിയോടെ പൂർത്തിയാകും. 
വല്ലച്ചിറ ആരോഗ്യ കേന്ദ്രത്തിൽ എൻ എച്ച്‌ എം ഡോക്ടറുടെ സേവനം നിലവിൽ ആഴ്ചയിൽ 6 ദിവസമാക്കി ഉയർത്താനും പുതുക്കാട് സബ് സെന്റർ, വരാക്കര സബ് സെന്റർ, തൃക്കൂർ പഞ്ചായത്ത്‌ സബ്‌സെന്റർ എന്നിവയുടെ നിർമാണാനുമതി ഉടൻ ലഭ്യമാക്കുന്നതിനും  തീരുമാനമായി.
യോഗത്തിൽ കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്, വല്ലച്ചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ മനോജ്‌, ഡി പി എം. ഡോ. പി സജീവ് കുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. ഷീജ, ആർദ്രം നോഡൽ ഓഫീസർ ഡോ. എച്ച് ശ്രീജിത്ത്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി ശിവരാജൻ, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, പിആർഒ മാർ, വിവിധ നിർമാണ പ്രവൃത്തികളുടെ നിർവഹണ ഏജൻസി ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home