ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം 
എ കന്യാകുമാരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:19 AM | 0 min read

​ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ഈ വർഷത്തെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി വയലിൻ വാദന രംഗത്ത്‌ നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.  ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന്റെ  ഉദ്ഘാടന ചടങ്ങായ 26ന് വൈകിട്ട് പുരസ്കാരം സമ്മാനിക്കും. 
 വയലിൻ വാദന മേഖലയിൽ നൽകിയ സംഭാവന കണക്കിലെടുത്ത് 2015ൽ  പദ്മശ്രീ നൽകി   രാഷ്ട്രം കന്യാകുമാരിയെ ആദരിച്ചിട്ടുണ്ട്. 2016ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി അംഗീകാരവും ലഭിച്ചു. ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച കന്യാകുമാരി ഇപ്പോൾ ചെന്നൈയിലാണ് താമസം. വയലിൻ വിദ്വാൻമാരായ ഈശ്വര വർമ, ടി എച്ച് സുബ്രഹ്മണ്യം, ദേവസ്വം ഭരണസമിതി അംഗം സി മനോജ് എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയുടെ ശുപാർശ ചെയർമാൻ ഡോ. വി കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 
ഭരണസമിതി യോഗത്തിൽ അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥ്, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ  സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home