ശക്തന്‍ പ്രതിമ 
പീഠത്തിലേറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 12:31 AM | 0 min read

തൃശൂർ
കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ പീഠത്തിൽ സ്ഥാപിച്ചു. അനാഛാദനം പിന്നീട്‌. പ്രതിമ ആദ്യം നിർമിച്ച  ശിൽപ്പി തിരുവനന്തപുരം  കേശവദാസപുരം  സ്വദേശി മുരളി കുന്നുവിളയാണ്‌ കെഎസ്ആർടിസിയുടെ ചെലവിൽ  പുനർനിർമിച്ചത്‌. 
തകർന്ന പ്രതിമ  തിരുവനന്തപുരത്തെത്തിച്ച്‌  അറ്റകുറ്റപ്പണി പൂർത്തീകരിച്ച്‌  വെള്ളിയാഴ്‌ച  പകൽ പന്ത്രണ്ടോടെയാണ്‌   തൃശൂരിലെത്തിച്ചത്‌.  ശിൽപ്പിയുടെ നേതൃത്വത്തിൽ  പകൽ രണ്ടോടെ  ക്രെയിന്റെ  സഹായത്തോടെയാണ്‌  പ്രതിമയെ ശക്തൻ സ്‌റ്റാൻഡിലെ പീഠത്തിൽ  സ്ഥാപിച്ചത്‌. നിലവിൽ പ്രതിമ മൂടിക്കെട്ടിയിരിക്കയാണ്‌.   താഴ്‌ഭാഗത്തുള്ള ഗാർഡൻ നവീകരണം പൂർത്തീകരിച്ച്‌ പ്രതിമ അനാഛാദനം ചെയ്യും. കച്ചമുറുക്കി ഉടവാളുമായി നിൽക്കുന്ന രൂപത്തിലാണ്‌ പ്രതിമ. പത്തടി ഉയരമുള്ള നവീകരിച്ച പ്രതിമയ്‌ക്ക്‌ അഞ്ച്‌ ടൺ ഭാരമുണ്ട്‌. 19.5 ലക്ഷം ചെലവിലാണ്‌ പ്രതിമ പുനർനിർമിച്ചത്‌. 
 ജൂൺ ഒമ്പതിന്‌  പുലർച്ചെ മൂന്നോടെയാണ്‌  നിയന്ത്രണംവിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് തൃശൂർ ശക്തൻ നഗറിലുള്ള ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറിയത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിലംപതിച്ച പ്രതിമയുടെ അരയ്‌ക്ക്‌ താഴെ തകർന്നിരുന്നു. ഉടൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ ഇടപെട്ട്‌ കെഎസ്‌ആർടിസി ചെലവിൽ പ്രതിമ പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.  തിരുവനന്തപുരം പാപ്പനംകോട് സിഡ്കൊ വ്യവസായ പാർക്കിൽ എത്തിച്ചായിരുന്നു  പുനർനിർമാണം.


deshabhimani section

Related News

View More
0 comments
Sort by

Home