കോൺക്രീറ്റിങ്‌ വെള്ളിയാഴ്ച ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:11 AM | 0 min read

തൃശൂർ
പ്രതിസന്ധികൾക്ക്‌ വിരാമമിട്ട്‌ ശക്തൻ ബസ്‌സ്റ്റാൻഡും വികസനം നിർമ്മാണോദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കുമെന്ന്‌ മേയർ എം കെ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   രാവിലെ 10ന് പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 
അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പാക്കാൻ കഴിയാതെ 37 വർഷമായി മുടങ്ങിക്കിടന്ന വികസന പ്രവർത്തനങ്ങളാണ്‌  എൽഡിഎഫ്‌ കൗൺസിൽ പുനരാരംഭിക്കാനൊരുങ്ങുന്നത്‌. വടക്കേ ബസ് സ്റ്റാൻഡുപോലെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള നവീകരണ പ്രവർത്തനങ്ങളാണ്‌ ശക്തനിലും ഒരുക്കുക. ആദ്യ പടിയായി ബസ്‌സ്റ്റാൻഡ്‌ കോൺക്രിറ്റ്‌ ചെയ്യും. ഷോപ്പിങ്‌ കോംപ്ലക്‌സും, മാർക്കറ്റും ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയുള്ളതാണ്‌ ശക്തൻ ബസ്‌സ്റ്റാൻഡിന്റെ മാസ്റ്റർ പ്ലാൻ.
പിപിപി മോഡൽ, സിഎസ്ആർ ഫണ്ട്, ഓൺ ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ്‌ മുൻതൂക്കം നൽകുന്നത്. അതുവരെ ശക്തൻസ്റ്റാൻഡ്‌ ഉപയോഗ പ്രദമാക്കുന്നതിന്‌ തെക്കുഭാഗം കോൺക്രീറ്റ്‌ ചെയ്യുന്നതിനും   ഉൾഭാഗം അറ്റകുറ്റപ്പണികൾ നടത്താനും തീരുമാനമായി. പണി തീരുന്നതുവരെ  ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തുള്ള ട്രിച്ചൂർ ടവറിനുമുമ്പിലായിരിക്കും താൽക്കാലിക ബസ് സ്റ്റാൻഡ്‌. 
  ശക്തൻ നഗർ വികസനത്തിനായി 1987ൽ, അന്നത്തെ കൗൺസിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എനാർക്ക് കൺസ്ട്രക്ഷൻസിനെ  ഏൽപ്പിച്ചിരുന്നു. അവരുമായുണ്ടായ തർക്കത്തിന്റെ ഭാഗമായാണ്‌ 37 വർഷം ശക്തൻ നഗറിൽ ഒരു വികസനവും നടത്താൻ കഴിയാതിരുന്നത്‌. നിലവിലുള്ള ഇടതുപക്ഷ കൗൺസിൽ തർക്കം രമ്യമായി പരിഹരിച്ചതിന്റെ ഭാഗമായാണ്‌  ശക്തൻ മാസ്റ്റർ പ്ലാനിന് പുനർജീവൻ ലഭിച്ചത്‌.  കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയ ഡിപിആർ തയ്യാറാക്കാൻ എനാർക്ക് കൺസ്ട്രക്ഷൻസുമായി  നിയമനടപടികൾ പൂർത്തിയായി . 
ഡെപ്യൂട്ടി മേയർ എം എൽ റോസി,   സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വർഗീസ്‌ കണ്ടംകുളത്തി, കരോളിൻ ജെറിഷ്‌  പെരിഞ്ചേരി  എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home