എടിഎം കവർച്ച: 
തെളിവെടുപ്പ് നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 11:35 PM | 0 min read

മാപ്രാണം 
ബ്ലോക്ക് ജങ്‌ഷനിലുള്ള എസ്ബിഐയുടെ എടിഎം കവര്‍ന്ന സംഭവത്തില്‍ പ്രതികളേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച പകൽ വന്‍ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിനെത്തിയത്. അഞ്ച് പ്രതികളില്‍ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നി പ്രതികളെയാണ് തൃശൂര്‍ റൂറല്‍ എസ്‌പി നവനീത് ശര്‍മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുത്തത്. മുബാറക്, സൗക്കിന്‍ എന്നിവരെ പൊലീസ്‌ ബസില്‍ നിന്നിറക്കിയില്ല. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരുമടക്കം വലിയ ജനകൂട്ടം സ്ഥലത്തെത്തിയിരുന്നു.
സംഭവദിവസം രണ്ടോടെയാണ് ഇവർ മാപ്രാണത്ത് എത്തിയത്. കാര്‍ ബ്ലോക്ക് റോഡിലേക്ക് തിരിച്ചുനിർത്തിയശേഷം അവിടെയുള്ള ഇറച്ചികടയുടെ മുന്നിലെ സിസി ടിവിയും തുടര്‍ന്ന് എടിഎമ്മിന് മുന്നിലേയും അകത്തെ രണ്ട് കാമറകളും സ്പ്രേ പെയിന്റ് അടിച്ച് ദ്യശ്യങ്ങള്‍ മായ്‌ച്ചു. അതോടൊപ്പം എ ടി എമ്മിന്റെ   ഇടതുഭാഗത്തെ അലറാം സര്‍ക്യൂട്ട് വിച്ഛേദിക്കുകയും കൗണ്ടറിന് പിറകിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ഡിവിആറും എടുത്തു. 
പത്ത് മിനിറ്റിനുള്ളില്‍ എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് പണം സൂക്ഷിച്ചിരുന്ന നാല് ട്രേകളും സംഘം കൈക്കലാക്കി. ഇതിനിടയില്‍ ബ്ലോക്ക് റോഡില്‍ തന്നെയിട്ട് വണ്ടി തിരിച്ച് കൗണ്ടറിന് മുന്നില്‍ കൊണ്ടുവന്ന് എല്ലാവരും കയറി തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നെന്ന് പ്രതികള്‍ വിശദീകരിച്ചു. 
 എടിഎമ്മിനകത്ത് ആളില്ലാത്തതും സെക്യൂരിറ്റിയില്ലാത്തതുമായ കൗണ്ടറുകള്‍ നോക്കിയാണ് സംഘം ഇരിങ്ങാലക്കുടയില്‍ എത്തിയതെന്ന് റൂറല്‍ എസ്‌പി നവനീത് ശര്‍മ പറഞ്ഞു. മോഷണത്തിന് പ്രാദേശികതലത്തില്‍ ബന്ധമുള്ളതായോ മറ്റേതെങ്കിലും തരത്തിലുള്ള അറിവോ ഇവര്‍ക്ക് ലഭിച്ചിരുന്നതായോ ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. എങ്കിലും അന്വേഷിക്കുന്നുണ്ടെന്നും എസ്‌പി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home