ഉയരെ... എസ്‌എഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:52 AM | 0 min read

തൃശൂർ
കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലെ ജില്ലയിലെ കോളേജ്‌ യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ 29 കോളേജുകളിൽ 26ലും  എസ്‌എഫ്‌ഐക്ക്‌ ചരിത്ര വിജയം. 13 കോളേജുകളിൽ മുഴുവൻ സീറ്റും സ്വന്തമാക്കി. സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ എസ്‌എഫ്‌ഐ സമ്പൂർണ വിജയം നേടി. ‘പെരുംനുണകൾക്കെതിരെ സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌  എസ്എഫ്ഐ  തെരഞ്ഞെടുപ്പിനെ  നേരിട്ടത്‌. വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നുണപ്രചാരണങ്ങൾ തള്ളിയാണ്‌ കെഎസ്‌യു–- എബിവിപി അവിശുദ്ധ സംഖ്യത്തെ വിദ്യാർഥികൾ തൂത്തെറിഞ്ഞത്‌. 22 വർഷത്തിനുശേഷം  എബിവിപിയിൽനിന്നും  കുന്നംകുളം   വിവേകാനന്ദ കോളേജ്‌ എസ്‌എഫ്‌ഐ പിടിച്ചെടുത്തു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌ കെഎസ്‌യുവിൽനിന്നും തിരിച്ചുപിടിച്ചു. കേരളവർമ കോളേജ്‌ ചെങ്കോട്ടയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. കഴിഞ്ഞ വർഷം ചെയർമാൻ തെരഞ്ഞെടുപ്പിന്റെ പേരിൽ  എസ്‌എഫ്‌ഐക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടിരുന്നു.   
      ഗുരുവായൂർ ശ്രീകൃഷ്ണ, പഴഞ്ഞി എംഡി, മുളങ്കുന്നത്തുകാവ് കില കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ എതിരില്ലാതെ  വിജയിച്ചിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌, വടക്കാഞ്ചേരി വ്യാസ, ചേലക്കര ഗവ. ആർട്സ് കോളേജ്‌, കൊടുങ്ങല്ലൂർ അസ്‌മാബി, നാട്ടിക എസ്‌എൻ, ഒല്ലൂർ ഗവ. കോളേജ്‌, വലപ്പാട് ഐഎച്ച്‌ആർഡി, എറിയാട്‌ ഐഎച്ച്‌ആർഡി, കുറ്റൂർ ഷേൺസ്റ്റാറ്റ്‌,   വഴുക്കുംപാറ എസ്എൻജിസി കോളേജ്‌, തരണനെല്ലൂർ, കൊണ്ടാഴി ലക്ഷ്മിനാരായണ, നാട്ടിക എസ്എൻ ഗുരു കോളേജുകളിൽ മുഴുവൻ ജനറൽ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കേരളവർമയിൽ ഒരു അസോസിയേഷൻ മാത്രമാണ്‌ നറുക്കെടുപ്പിലൂടെ നഷ്ടപ്പെട്ടത്‌. കുട്ടനെല്ലൂർ ഗവ. കോളേജ്‌, തൃശൂർ സെന്റ് അലോഷ്യസ്, ചാലക്കുടി പനമ്പിള്ളി, പുല്ലൂറ്റ്‌ കെകെടിഎം എന്നിവിടങ്ങളിലും ഉജ്വല വിജയം നേടി. മൂന്ന്‌ സ്വാശ്രയ കോളേജുകളിൽ മാത്രമാണ്‌ കെഎസ്‌യു സംഖ്യത്തിന്‌ യൂണിയൻ നേടാനായത്‌. 
     പോളി തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു കോളേജിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. എസ്‌എഫ്‌ഐക്ക്‌ വൻ വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാപ്രസിഡന്റ്‌ ആർ വിഷ്‌ണു, സെക്രട്ടറി ജിഷ്‌ണു സത്യൻ എന്നിവർ അഭിവാദ്യം ചെയ്‌തു.


deshabhimani section

Related News

View More
0 comments
Sort by

Home