പ്രധാനാധ്യാപികയ്‌ക്ക്‌ സസ്‌പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:24 PM | 0 min read

ചേർപ്പ് 
സെറിബ്രൽ പൾസി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്‌പെൻഡ്‌ ചെയ്തു. പെരിങ്ങോട്ടുകര  സെറാഫിക്‌ കോൺവെന്റ്‌ ഹൈസ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിനെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ അൻസാർ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തത്. 
കുട്ടിയെ ക്ലാസ് മുറിയിൽ തനിച്ചാക്കി പൂട്ടിയിട്ട സംഭവം വിവാദമായിരുന്നു. മന്ത്രി ആർ ബിന്ദു വിഷയത്തിൽ ഇടപെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ചാഴൂർ സ്വദേശികളായ നായരുപറമ്പിൽ ഉണ്ണികൃഷ്ണൻ, പ്രവീണ ദമ്പതികളുടെ മകളെയാണ് സ്കൂളിന്റെ മുകൾ നിലയിലെ ക്ലാസ് മുറിയിൽ 40 മിനിറ്റോളം പൂട്ടിയിട്ടത്. മറ്റ് കുട്ടികൾ താഴെയുള്ള ഐടി ക്ലാസിലായിരുന്നു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ അച്ഛൻ ഉണ്ണികൃഷ്ണനാണ് മകളെ പൂട്ടിയിട്ട നിലയിൽ കണ്ടത്. കുട്ടി പേടിച്ച നിലയിലായിരുന്നു.  തുടർന്ന് മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിനും സാമൂഹ്യ നീതി വകുപ്പിനും പരാതി നൽകി. അതിനിടെ സ്കൂളിൽ ഐടി അധ്യാപികയെ ക്രമ വിരുദ്ധമായാണ് മാനേജർ നിയമിച്ചിരിക്കുന്നതെന്നും അത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home