തൃശൂരിൽ ഇന്ന്‌ 
പുലികളിറങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 12:45 AM | 0 min read

തൃശൂർ
ഓണാഘോഷത്തിന്‌ സമാപനമായി നാലോണ നാളിൽ തൃശൂരിൽ ഇന്ന്‌ പുലികളി. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും വിദേശത്ത്‌ നിന്നുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ്‌ റൗണ്ടിൽ  വട്ടമിടും. തൃശൂർ പൂരം കഴിഞ്ഞാൽ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആഘോഷം തൃശൂരിൽ മറ്റൊന്നില്ല. വിവിധ ദേശങ്ങളിൽ നിന്ന്‌ പുറപ്പെടുന്ന പുലികൾക്കൊപ്പം ജനാരവവും സഞ്ചരിക്കും. 
ഏഴ്‌ ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികൾ പട്ടണം കൈയടക്കും. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജങ്‌ഷനിൽ പാട്ടുരായ്‌ക്കൽ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക്‌ തുടക്കമാകും.
യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, സീതാറാം മിൽ ദേശം , ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം , കാനാട്ടുകര ദേശം എന്നീ സംഘങ്ങൾ പിന്നാലെയെത്തും. കഴിഞ്ഞതവണ അഞ്ച്‌ സംഘങ്ങളായിരുന്നു. ഒരു പുലികളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. പുലികളുടെ വരവറിയിച്ച്‌ ചൊവ്വാഴ്‌ച പുലിക്കൊട്ടും പുലിവാൽ എഴുന്നള്ളിപ്പും നടന്നു.  
പങ്കെടുക്കുന്ന ഓരോ സംഘത്തിനും തൃശൂർ കോർപറേഷൻ 3,12,500 രൂപ  വീതം സഹായം നൽകും. കഴിഞ്ഞതവണ 2,50,000 രൂപയായിരുന്നു. മുൻകൂറായി 1,50,000 രൂപ കൈമാറി. 1,2,3 സ്ഥാനം നേടുന്ന സംഘങ്ങൾക്ക്‌ യഥാക്രമം 62,500, 50,000, 43,750 രൂപയും ട്രോഫിയും നൽകും. നിശ്ചലദൃശ്യത്തിന് യഥാക്രമം 50,000, -43,750, 37,500 രൂപ സമ്മാനമായി നൽകും. 
തൃശൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന പുലികളി നടത്തിപ്പിനായി സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോവിന്റെ മേൽനോട്ടത്തിൽ നാല്‌ എസിപിമാരുടെ നേതൃത്വത്തിൽ അഞ്ച്‌ മേഖലകളായി തിരിച്ച്‌ 523 പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്‌. 
പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കൽ സഹായവും ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. വയനാട്‌ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഓണാഘോഷം ഒഴിവാക്കിയെങ്കിലും തൃശൂർ കോർപറേഷന്റെ അഭ്യർഥനപ്രകാരം പ്രത്യേക അനുമതി നൽകുകയായിരുന്നു. കോർപറേഷന്റെ തനത്‌ ഫണ്ടിൽ നിന്ന്‌ തുക ചെലവഴിക്കാനുള്ള അനുമതിയും നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home