വലഞ്ഞ്‌ ജനങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 12:36 AM | 0 min read

തൃശൂർ
സുരേഷ്‌ ഗോപിയും ജില്ലാ ബിജെപി നേതൃത്വവും തമ്മിലുള്ള പ്രശ്‌നത്തിൽ വലഞ്ഞ്‌ ജനങ്ങൾ. എംപിയായി വിജയിച്ച്‌ മൂന്ന്‌ മാസമാകുമ്പോഴും മണ്ഡലത്തിൽ ഇതുവരെയും ക്യാമ്പ്‌ ഓഫീസ്‌ തുറക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയായതിനാൽ മണ്ഡലത്തിൽ എപ്പോഴും വരാൻ കഴിയില്ലെന്നാണ്‌ ന്യായീകരണം. എംപിയോട്‌ പറയാനുള്ളത്‌ ബിജെപി ജില്ലാ പ്രസിഡന്റിനോട്‌ പറഞ്ഞാൽ മതിയെന്നാണ്‌ പറഞ്ഞത്‌. അതേസമയം തങ്ങൾക്ക്‌ ഇങ്ങനെയൊരു എംപി ഇല്ലെന്ന തരത്തിലാണ്‌ നേതൃത്വം പെരുമാറുന്നത്‌. സുരേഷ്‌ ഗോപി സ്ഥാനാർഥിയായത്‌ മുതൽ ജില്ലാ നേതൃത്വവുമായി തുടങ്ങിയ ഏറ്റുമുട്ടൽ  ദിനം പ്രതി രൂക്ഷമാകുകയാണ്‌. സ്വന്തം നിലയിലാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ്‌ സുരേഷ്‌ ഗോപിയുടെ നിലപാട്‌. എംപി തങ്ങൾക്ക്‌ വഴങ്ങണമെന്നാണ്‌ നേതൃത്വത്തിന്റെ ആവശ്യം. ഇതിൽ വലയുന്നത്‌ തൃശൂരിലെ ജനങ്ങളാണ്‌.  ഓഫീസ്‌ പ്രവർത്തിക്കാത്തതിനാൽ പരാതികളും അപേക്ഷയും നൽകാൻ കൃത്യമായ ഒരു ഇടമില്ല. 
 വല്ലപ്പോഴും പരിപാടികൾക്ക്‌ വരുമ്പോഴാണ്‌  നൽകുന്നത്‌. എന്നാൽ ഇതെല്ലാം കൃത്യമായി നോക്കാനും നടപടികൾ സ്വീകരിക്കാനും സംവിധാനമില്ല.  ലഭിച്ച പരാതികളും നിവേദനങ്ങളും നെട്ടിശേരിയിലെ വീട്ടിൽ കൊണ്ട്‌ വന്ന്‌ ഇടുകയാണ്‌ ചെയ്യുന്നത്‌. വിജയിച്ചശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ്‌ തൃശൂരിൽ എത്തിയത്‌. ആ ദിവസങ്ങളിൽ പോലും മണ്ഡലത്തിന്റെ കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ജൂലൈ ആദ്യം തൃശൂർ മണ്ഡലത്തിന്‌ കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും  മഴക്കെടുതി രൂക്ഷമായപ്പോൾ തിരിഞ്ഞു നോക്കാൻ പോലും തയ്യാറായില്ല. ആഗസ്‌ത്‌ 15ന്‌ നഗരത്തിലെ ഹയാത്ത്‌ ഹോട്ടലിൽ ഉണ്ടായിരുന്ന സുരേഷ്‌ ഗോപി തേക്കിൻകാട്‌ മൈതാനത്ത്‌ നടന്ന സർക്കാരിന്റെ  സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുത്തില്ല. 
ജനപ്രതിനിധികൾക്ക്‌ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ പ്രതിനിധിയെ അയക്കുകയാണ്‌ രീതി. എന്നാൽ, സുപ്രധാന യോഗങ്ങളിൽ ഒരാളെ അയക്കാൻ പോലും സുരേഷ്‌ ഗോപി തയ്യാറാകാറില്ല. ഇത്തരത്തിൽ വോട്ട്‌ ചെയ്‌ത ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌ എംപി.

 



deshabhimani section

Related News

View More
0 comments
Sort by

Home