ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് നാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 12:16 AM | 0 min read

തൃശൂർ
ജില്ലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ ശ്രീകൃഷ്‌ണജയന്തി വിപുലമായി ആഘോഷിച്ചു.  ശ്രീകൃഷ്‌ണക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണിയോടനുബന്ധിച്ച പ്രത്യേക പൂജകളും നടന്നു. വൈകിട്ടോടെ വിവിധ ഭാഗങ്ങളിൽ കൃഷ്‌ണ വേഷമണിഞ്ഞ കുട്ടികളുടെ ഘോഷയാത്രയും പായസവിതരണവും നടന്നു. പലയിടത്തും ഉറിയടിയും ഉണ്ടായിരുന്നു.  
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലേയും വൈകീട്ടും കാഴ്ചശീവേലിയുണ്ടായി. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലും  വൈകീട്ട്‌  തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുമുള്ള മേളം അകമ്പടിയായി.  കൊമ്പൻ ഇന്ദ്രസെൻ ശീവേലിക്ക് സ്വർണക്കോലമേറ്റി. കൊമ്പന്മാരായ ബാലകൃഷ്ണനും, വലിയ വിഷ്ണുവും പറ്റാനകളായി. പകലും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻ മാരാരും സംഘവും മദ്ദളത്തിൽ കുനിശേരി ചന്ദ്രനും സംഘവും ഇടയ്ക്കയിൽ കടവല്ലൂർ രാജു മാരാരും കൊമ്പിൽ മച്ചാട് കണ്ണനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരന്നു. ഗുരുവായൂർ ശശിമാരാരും സംഘവുമാണ് സന്ധ്യാ തായമ്പക ഒരുക്കിയത്. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണം നടന്നു. ഇടയ്ക്കയിൽ ഗുരുവായൂർ ശശി മാരാരും സംഘവും നാഗസ്വരത്തിന് ഗുരുവായൂർ മുരളിയും സംഘവും നേതൃത്വം നൽകി. 
വൈകീട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം  കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. 
രാവിലെ മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണസ്തുതി ​ഗീതം,  ശ്രീകൃഷ്ണ ഭക്തി​ഗാനസുധ, പിന്നൽ തിരുവാതിര എന്നിവ അരങ്ങേറി. വൈകിട്ട് മൂന്നിന് പ്രശസ്ത ഗാനനിരൂപകൻ ഡോ.സജിത്ത് ഏവൂരെത്ത് അവതരിപ്പിച്ച ‘കൃഷ്ണ ഗാനാമൃതം –-കൃഷ്ണഗീതികളിലൂടെ ഒരു സഞ്ചാരം’  ഗാന നിരൂപണവും രാത്രി  8 മുതൽ നൃത്ത നാടകം കൃഷ്ണഗാഥ എന്നിവയും അരങ്ങേറി. രാത്രി 10 മുതൽ പുലർച്ചെ വരെ ഗുരുവായൂർ ക്ഷേത്രം കലാനിലയം കൃഷ്ണനാട്ടവും അവതരിപ്പിച്ചു. അഷ്മി രോഹിണി ദിനത്തിലെ  പ്രസാദ ഊട്ടിന് പ്രത്യേക വിഭവങ്ങളൊരുക്കിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേകം നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പിറന്നാൾ സദ്യയാണ് ഒരുക്കിയത്. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിച്ചു.  30,000പേർ പ്രസാദ ഊട്ടിൽ പങ്കാളികളായി. വിവിധഅഷ്ടമിരോഹിണി ആഘോഷസമിതികളുടെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്രകൾ നടന്നു.  ഗുരുവായൂർ നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ  രാവിലെ ഒമ്പതിന് മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ചു.   ഗോപികാനൃത്തം, ഉറിയടി, ഭജന, നാഗസ്വരം, മേളം എന്നിവയുണ്ടായി. വൈകിട്ട് മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ട  താലം, കെട്ടുകാഴ്ചകൾ എന്നിവയോടെയുള്ള മറ്റൊരു ഘോഷയാത്ര നഗരം ചുറ്റി മമ്മിയൂരിൽ സമാപിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home