കുയിൽ ഖാദറിനുമുണ്ട്‌ മലയാള സിനിമാ ചരിത്രത്തിലിടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 12:16 AM | 0 min read

ചാവക്കാട്
‘കുയിൽ ഖാദർ’ എന്ന പേരിലെ കൗതുകം ചാവക്കാട്‌  ഒരുമനയൂർ മൂന്നാംകല്ല് വലിയകത്ത് മേപ്പുറത്ത് ഖാദർ (89)  എന്ന നാട്ടുമ്പുറത്തുകാരന്റെ ജീവിതത്തിലുമുണ്ട്‌.  നമ്മുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ കാലത്തിലേക്ക്‌ തിരിച്ചുനടക്കണം ആ കൗതുകം എന്തെന്നറിയാൻ.  അങ്ങ്‌, മുംബൈയിലെത്തും ആ യാത്ര.   മലയാള സിനിമയുടെ തുടക്കകാലം എന്നും അക്കാലത്തെ വിശേഷിപ്പിക്കാം. അന്ന്‌ ബോംബെയിലായിരുന്നു മലയാളികൾ അധികവും തൊഴിൽ തേടി  പോയിരുന്നത്‌.  ജീവിതവഴി  തേടിയാണ്‌    ഖാദറും തന്റെ 19–-ാം വയസ്സിൽ ബോംബെയിലെത്തിയത്‌.  
1938–-ൽ ആദ്യ മലയാള ഭാഷാ  ചിത്രമായ ‘ബാലൻ’ പുറത്തിറങ്ങിയെങ്കിലും ബോംബെയിൽ   കാണിച്ചിരുന്നില്ല.     ഒന്നരപ്പതിറ്റാണ്ടിലധികം കാലം  വേണ്ടിവന്നു ബൊംബെക്കാർ മലയാള സിനിമകാണാൻ.    നാട്ടിലെത്തുമ്പോൾ മാത്രമായിരുന്നു  മലയാളികൾക്ക്‌     സിനിമകൾ  കാണാൻ പറ്റിയിരുന്നത്‌.  എന്നാൽ  ഖാദർ  ഒന്നു മാറിച്ചിന്തിച്ചു, അതോടെ മലയാള സിനിമ ഹിന്ദിനാട്ടിലുമെത്തി. ഒടുവിൽ    1954ൽ ഇറങ്ങിയ  ‘നീലക്കുയിൽ’   മലയാളികൾ   ബൊംബെയിലെ   തിയറ്ററുകളിലിരുന്ന്‌ കണ്ടു.    റിലീസ്‌ ചെയ്‌ത്‌  മാസങ്ങൾക്കുശേഷമാണ്‌  സിനിമ ബൊംബെയിലെത്തിയത്‌. അതിന്‌ കാരണക്കാരനായതാകട്ടെ യുവാവായ ഖാദറും.   അതോടെ ഖാദറും മലയാള സിനിമയുടെ ചരിത്ര വഴികളിൽ ഇടം നേടി.  ഇതോടെ ഖാദറിന്റെ പേര്‌    ‘ കുയിൽ ഖാദർ’ എന്നായി .      മലയാളികൾ   കൂടുതലുള്ള  ദാദറിലെ ബ്രോഡ് വേ ടാക്കീസിലും നൽബസാറിലെ കമൽ ടാക്കീസിലുമായിരുന്നു ചിത്രം ആദ്യം പ്രദർശിപ്പിച്ചത്.  അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് കെ പാട്ടീലിന്റെ ഓഫീസുമായി  അടുത്ത ബന്ധമായിരുന്നു  കോൺഗ്രസുകാരനായ ഖാദറിന്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ തമിഴ്നാട്ടുകാരനായ പി എസ് സ്വാമി എന്ന സുഹൃത്താണ്  ഖാദറിന്  സഹായങ്ങൾ നൽകിയത്. നീലക്കുയിലിന്റെ നിർമാതാവ് ടി കെ പരീക്കുട്ടി ചേറ്റുവയിൽനിന്ന്‌ വിവാഹം കഴിച്ചതോടെ അദ്ദേഹവുമായും ചേറ്റുവക്കാരനായ സംവിധായകൻ രാമുകാര്യട്ടുമായും  അടുത്തബന്ധമായി. ഇതും  സിനിമ  പ്രദർശനത്തിനെത്തിക്കാൻ പ്രേരണയായി. എന്നാൽ ചിത്രത്തിന്റെ  പ്രിന്റും മറ്റും കൈകാര്യംചെയ്തിരുന്നത്    മദ്രാസിലായിരുന്നു.   അവിടെനിന്നുള്ള  തടസ്സങ്ങൾ നീക്കാൻ    സ്വാമിയുടെ സഹായം കരുത്തായി.  രണ്ടുമാസത്തെ പ്രയത്നങ്ങൾക്കൊടുവിൽ സിനിമയുടെ റീലുകൾ സ്വന്തമാക്കി ട്രെയിനിൽ ബൊംബെയിലെത്തിച്ചു. തുടർന്ന് ദാദറിലേയും  നൽബസാറിലേയും തിയറ്ററുകളിൽ പ്രദർശനം തുടങ്ങി. ഇതറിഞ്ഞതോടെ  മലയാളികൾ തിയറ്ററുകളിലേക്ക്    ഇരമ്പിയെത്തി.  തിയറ്റർ നടത്തിപ്പുകാർക്കും   ആവേശമായി. ആഴ്ചകളോളം   നീലക്കുയിൽ പ്രദർശിപ്പിച്ചു. രണ്ട് റീലുകളിൽ ഒന്ന്  ടി കെ പരീക്കുട്ടിയുടെ സഹായത്താൽ ഖാദർ  സൂക്ഷിച്ചു.   രണ്ടു തിയറ്ററുകളിലും   നീലക്കുയിൽ ആവർത്തിച്ച്‌ പ്രദർശിപ്പിച്ചു.  നല്ല സിനിമ കിട്ടാതെയാവുമ്പോൾ തിയറ്ററുകാർ   ഖാദറിനെ സമീപിച്ച്  ‘നിലക്കുയിൽ’ പ്രദർശിപ്പിക്കുന്നതും പതിവായി. ഇതോടെയാണ്‌  മുംബൈയിൽ  മലയാള സിനിമയുടെ  പ്രദർശനം   സ്ഥിരമായത്‌.    ഒരു സിനിമയുടെ പേരിൽ  ജീവിതകാലം മുഴുവൻ അറിയപ്പെടുന്നത്‌ സന്തോഷമല്ലാതെ മറ്റെന്താണെന്ന്‌   ഖാദർ ചോദിക്കുന്നു.    ദീർഘകാലം ഖത്തറിൽ   ജോലി ചെയ്തിട്ടുണ്ടെങ്കിലും ബോംബെയിൽ നിന്ന് ലഭിച്ച പേരൊടെ  സുഖമുള്ള ഓർമകളുമായി    നാട്ടിൽ വിശ്രമത്തിലാണ്‌  ഇപ്പോൾ ഖാദർ.


deshabhimani section

Related News

View More
0 comments
Sort by

Home