കെ ഫോണിന്‌ പ്രിയമേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 11:41 PM | 0 min read

 

തൃശൂർ
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതിക്ക്‌ ജില്ലയിൽ വൻ സ്വീകാര്യത. വീടുകളിലേക്ക്‌ പെയ്‌ഡ്‌ കണക്ഷൻ നൽകാൻ തുടങ്ങിയതോടെ ആവശ്യക്കാർ കൂടുകയാണ്‌. നിലവിൽ ഇത്തരം 7137 അപേക്ഷകളാണ്‌ ജില്ലയിലുള്ളത്‌. 1336 പേർക്ക്‌ കണക്ഷൻ നൽകി . അപേക്ഷ നൽകിയാൽ ഒരാഴ്‌ചക്കുള്ളിൽ കണക്ഷൻ ലഭിക്കും.
കെ ഫോണുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയാണ്‌ വീടുകളിലേക്ക്‌ കണക്ഷൻ നൽകുന്നത്‌.  പ്രതിമാസ, ആറുമാസ പ്ലാനുകളിലായാണ്‌ സേവനം ലഭിക്കുക. മോഡം, ഇൻസ്റ്റലേഷൻ എന്നിവ സൗജന്യമാണ്‌.
ഒരുമാസത്തിന്‌ 299 രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ്‌. ഈ പ്ലാനിൽ 20 എംബിപിഎസ്‌ വേഗതയിൽ 3000 ജിബി ലഭിക്കും. വിവിധ പ്ലാനുകൾക്കനുസരിച്ച്‌ വേഗതയിൽ മാറ്റം വരും. 30, 40, 50, 75,100,150, 200, 250 എംബിപിഎസ്‌ വേഗതയിലുള്ള പ്ലാനുകളും ഉണ്ട്‌. 250 എംബിപിഎസ്‌ പ്ലാനിൽ മാസം 5,000 ജിബിയാണ്‌ ലഭിക്കുക. നികുതിയടക്കം 1474 രൂപയാണ്‌ ഈടാക്കുക.
വീടുകളിലെ പെയ്‌ഡ്‌ കണക്ഷനുകൾ കൂടാതെ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷനും നൽകുന്നുണ്ട്‌. ഇത്‌ കെ ഫോൺ നേരിട്ടാണ്‌ നൽകുന്നത്‌.

കണക്ഷനെടുക്കാം
●കെഫോണിന്റെ മൊബൈൽ ആപ്ലിക്കേഷൻ ‘എന്റെ കെഫോൺ’ വഴി  വരിക്കാരാകാം. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. 
●കെഫോണിന്റെ www.kfon.in എന്ന വെബ്‌സൈറ്റിലൂടെയും സേവനം ലഭിക്കും. 
●18005704466 എന്ന ഹെൽപ്പ്‌ ലൈനിൽ വിളിച്ചും കണക്ഷനെടുക്കാം
●കെ ഫോണുമായി കരാറുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയും കണക്ഷൻ ലഭിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home