വീടുകളിൽ
വെള്ളം കയറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:36 PM | 0 min read

പുതുക്കാട് 
മണലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആമ്പല്ലൂരിലും പരിസര പ്രദേശങ്ങളിലും ക്രമാതീതമായി വെള്ളം ഉയർന്നു. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ആമ്പല്ലൂർ കമ്യൂണിറ്റി ഹാളിന് മുന്നിലെ റോഡിലും കല്ലൂർപ്പാടം വഴിയിലും വെള്ളം ഉയർന്നു. ഇതോടെ വരന്തരപ്പിള്ളി, കല്ലൂർ റോഡുകളിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച വൈകിട്ടും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. 
പുലർച്ചെ രണ്ടോടെയാണ് പ്രദേശത്ത് വെള്ളം കയറിയത്. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിട്ടു. വീടുകളിലേക്ക് വെള്ളം കയറിയതോടെ ആളുകൾ ടെറസിന് മുകളിൽ അഭയം തേടി.  അഗ്നിരക്ഷാ സേന ഡിങ്കി ബോട്ടെത്തിച്ച് ഇവരെ രക്ഷപ്പെടുത്തി. പുതുക്കാട് തൊറവ് വില്ലേജിലെ 113 കുടുംബങ്ങളിൽ നിന്നായി 286 പേരെ പുതുക്കാട് സെന്റ് സേവിയേഴ്സ് കോൺവെന്റ് സ്കൂളിലെ   ക്യാമ്പിലേക്കും ആമ്പല്ലൂർ പ്രദേശത്തെ നിരവധി കുടുംബങ്ങളിൽ നിന്നായി 178 പേരെ  അളഗപ്പനഗർ പഞ്ചായത്ത് സ്കൂളിലെ ക്യാമ്പിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. പുതുക്കാട് പഞ്ചായത്ത്‌ ചെങ്ങാലൂരിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ ജനത യുപി സ്കൂളിലെ ക്യാമ്പിൽ 50 പേരും തൊട്ടിപ്പാൾ കെഎസ് യുപി സ്കൂളില്‍ 80 പേരും നന്തിക്കര സ്കൂളിലെ ക്യാമ്പില്‍ ആറുപേരുമാണുള്ളത്.  കെ കെ രാമചന്ദ്രൻ എംഎൽഎ, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്ണൻ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ കെ അനൂപ്, കെ എം ബാബുരാജ് എന്നിവർ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home