ഡയപ്പർ വലിച്ചെറിയേണ്ട; 
ഗ്രീൻ ഇൻസിനറേറ്റർ റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:44 AM | 0 min read

 തൃശൂർ

 കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന  ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും കത്തിക്കാൻ ഇതാ ഗ്രീൻ ഇൻസിനറേറ്റർ. ഡയപ്പർ കത്തിക്കുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങൾ,  പ്രകൃതിക്ക്‌ ദോഷം വരുന്ന വാതകങ്ങൾ  എന്നിവ നീക്കം ചെയ്യുന്ന സംവിധാനമുള്ള ഇൻസിനേറ്ററാണിത്‌. പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ ആരംഭിച്ച  4 ആർ ടെക്നോളജീസ്   കമ്പനിയാണ്‌ ഇൻസിനേറ്റർ നിർമിക്കുന്നത്‌. തൃശൂർ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ചതിന്റെ  ട്രയൽ റൺ വിജയകരമായി.   
 ഒന്നാമത്തെ ചേംബറിൽ  നിക്ഷേപിക്കുന്ന ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകളിൽ   കത്തിക്കുന്നത്. ആദ്യ ബർണറിൽ പ്രവർത്തന താപനില  850 ഡിഗ്രി സെന്റിഗ്രേഡും രണ്ടാമത്തെ ചേംബറിൽ 1050 ഡിഗ്രി സെന്റിഗ്രേഡുമായി   ക്രമീകരിക്കും.  എൽപിജിയാണ്‌  ഇന്ധനം. ഉയർന്ന ജ്വലനംമൂലം  കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വിഷ  വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടില്ലെന്ന്‌  കമ്പനി ഉടമ ടി വി വിദ്യാരാജൻ പറഞ്ഞു. 
സൈക്ലോണിക് സെപ്പറേറ്റർ സംവിധാനത്തിൽ  പുകയിലെ   ഭാരം കൂടിയ കാർബൺ തരികൾ  വെഞ്ച്വറി സ്കൂബറിലെത്തുന്നതോടെ   ഭാരം കുറഞ്ഞ കാർബൺ തരികളും  നീക്കും.  വാട്ടർ സ്ക്രബിങ്ങിനുശേഷം   അബ്സോർബിങ് ചേംബറിൽ സൾഫർ ഡൈ ഓക്സൈഡ്, നൈട്രിക് ഓക്സൈഡ്, ക്ലോറിൻപോലുള്ള വാതകങ്ങളും   കൊഴുപ്പ് തരികളും നീക്കും. വെള്ളം പുനരുപയോഗിക്കാവുന്ന തരത്തിലാണ്   നിർമാണം. നൂറടി ഉയരത്തിൽ തുരുമ്പു പിടിക്കാത്ത  സ്റ്റീൽകൊണ്ടാണ്‌ ചിമ്മിനി നിർമാണം.  പറുത്തുപോവുന്ന പുക പ്രകൃതിക്ക്‌ ദോഷമില്ലാത്ത വെളുത്ത നിറത്തിലുള്ളതായിരിക്കും. പ്ലാന്റിന്‌   30 ലക്ഷം ചെലവ്‌ വരും. സംസ്ഥാനത്ത്‌ ആദ്യമായി എളവള്ളി  പഞ്ചായത്തിൽ ഡയപ്പർ  സംസ്‌കരണ  പ്ലാന്റ്‌  സ്ഥാപിച്ചതായി പ്രസിഡന്റ്‌   ജിയോ ഫോക്സ് പറഞ്ഞു. 15 ലക്ഷമാണ്‌ ചെലവ്‌. നിലവിലുള്ള ശ്‌മശാനത്തിന്റെ പുകക്കുഴൽ പ്രയോജനപ്പെടുത്തിയതിനാൽ ചെലവ്‌ കുറഞ്ഞു.  മണിക്കൂറിന് രണ്ട് കി.ഗ്രാം എൽപിജിയാണ് ഉപയോഗിക്കുന്നത്. എച്ച്പി വൈദ്യുതിയുമുണ്ട്‌.  45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കാം.  ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home