ഇതരസംസ്ഥാന പഠിതാക്കളെ കാണാൻ മന്ത്രി എത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2018, 10:07 PM | 0 min read

കഴക്കൂട്ടം  
ഇതര  സംസ്ഥാന തൊഴിലാളികളായ വനിതകൾ  മലയാളം പഠിക്കുന്ന സെന്ററിൽ തൊഴിൽ  മന്ത്രി ടി പി രാമകൃഷ്ണൻ  സന്ദർശനം നടത്തി. സംസ്ഥാന  സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ  പഠനകേന്ദ്രമായ   കഴക്കൂട്ടത്തെ കിൻഫ്രയുടെ വനിതാ ഹോസ്റ്റലിലാണ് മന്ത്രി മധുരവുമായി പഠിതാക്കളെ കാണാൻ എത്തിയത്. പഠിതാക്കളോട‌് മലയാളത്തിൽ സംസാരിക്കുകയും അവർ മലയാളം വായിച്ചത് കേട്ടറിഞ്ഞുമാണ‌് മന്ത്രി മടങ്ങിയത്. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. ശ്രീകല, കിൻഫ്ര മാനേജിങ് ഡയറക്ടർ ജീവാനന്ദ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 
 
കേന്ദ്രത്തിൽ  മലയാളം പഠിക്കുന്നത് ഒഡിഷയിൽ നിന്നുള്ള 104 പേരാണ്. കിൻഫ്രയിൽ പ്രവർത്തിച്ചുവരുന്ന വസ്ത്ര നിർമാണ സ്ഥാപനമായ ടെക്‌സ്‌പോർട്ട് ഇൻഡസ്ട്രിയൽ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും വൈകിട്ട് 6 .15 മുതൽ എട്ടുവരെ രണ്ട‌് ബാച്ചുകളിലായിട്ടാണ് ക്ലാസ്. ഈ ദിവസങ്ങളിൽ ക്ലാസിൽ എത്തിച്ചേരാൻ കഴിയാത്തവർക്കായി ഞായറാഴ്ച  പകൽ മൂന്ന‌്മുതൽ 7.15 വരെ ക്ലാസുണ്ട്. മണ്ണന്തല സ്വദേശിയായ കവിതയാണ്  അധ്യാപിക. കിൻഫ്രയിൽ  സ്ഥാപനങ്ങളിൽ കൂടുതൽപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ക്ലാസുകൾ സജീവമായതോടെ പഠനത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് വരുന്നവരുടെ എണ്ണം കൂടുകയാണ‌്. ചങ്ങാതി പദ്ധതിയുടെ ആദ്യ പരീക്ഷ 25ന് എറണാകുളം ഒഴികെയുള്ള  ജില്ലകളിൽ ജില്ലകളിൽ നടക്കും.13  ജില്ലകളിലായി 225 പരീക്ഷാകേന്ദ്രങ്ങളിലായി 2285 പേർ  പരീക്ഷയെഴുതും.
 
 
 
 


deshabhimani section

Related News

View More
0 comments
Sort by

Home