കേരള സര്‍വകലാശാല: തിരുവനന്തപുരത്ത് 32ല്‍ 31 കോളേജ് യൂണിയനുകളും എസ്എഫ്‌ഐക്ക്

തിരുവനന്തപുരം > കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ‌്എഫ‌്ഐ ചരിത്രവിജയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ‌് നടന്ന 32 കലാലയങ്ങളിൽ 31ലും യൂണിയൻ എസ‌്എഫ‌്ഐ കരസ്ഥമാക്കി. മംഗലപുരം സെന്റ‌് സേവ്യേഴ്സ് കോളേജ് കെഎസ്‌യുവിൽനിന്നും തോന്നയ്ക്കൽ എജെ കോളേജ‌് എഐഎസ‌്എഫിൽനിന്നും പിടിച്ചെടുത്തു. യൂണിവേഴ‌്സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളിൽ ഭൂരിഭാഗവും എസ‌്എഫ‌്ഐ നേടി. 16 കോളേജുകളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. ആറ‌് കോളേജുകളിൽ എതിരില്ലാവിജയം നേടി. ആർഎസ‌്എസ‌് അക്രമം നടന്ന ധനുവച്ചപുരം വിടിഎം എൻഎസ‌്എസ‌് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ‌് മാറ്റിവച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, സംസ്കൃത കോളേജ‌്, കാര്യവട്ടം ഗവ. കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, സംഗീത കോളേജ്, വാഴിച്ചൽ ഇമ്മാനുവൽ കോളേജ‌്, കാട്ടാക്കട മദർ തെരേസ കോളേജ‌്, മാറനല്ലൂർ ക്രൈസ‌്റ്റ‌് നഗർ കോളേജ‌്, നെടുമങ്ങാട‌് ഗവ. കോളേജ‌്, ശ്രീകാര്യം മാർ ഗ്രിഗോറിയസ‌് കോളേജ‌്, വിളപ്പിൽ സരസ്വതി കോളേജ‌്, മലയിൻകീഴ‌് ഗവ. കോളേജ‌്, കാഞ്ഞിരംകുളം ഗവ. കോളേജ‌് എന്നിവയുൾപ്പെടെ 16 കോളേജുകളിലാണ‌് എസ‌്എഫ‌്ഐ മുഴുവൻ സീറ്റും നേടി വെന്നിക്കൊടി പാറിച്ചത‌്. യൂണിവേഴ‌്സിറ്റി കോളേജ്, ആർട്സ് കോളേജ‌്, കാര്യവട്ടം ഗവ. കോളേജ‌്, മലയിൻകീഴ‌് ഗവ. കോളേജ‌്, സംഗീത കോളേജ‌്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ‌് എന്നിവിടങ്ങളിൽ എസ‌്എഫ‌്ഐയ‌്ക്ക‌് എതിരുണ്ടായിരുന്നില്ല.
വഴുതക്കാട‌് സർക്കാർ വനിതാ കോളേജിൽ ഒന്നൊഴികെ എല്ലാ സീറ്റിലും എസ‌്എഫ‌്ഐ ജയിച്ചു. പെരിങ്ങമ്മല ഇക‌്ബാൽ കോളേജിൽ കെഎസ‌്‌യു ജയിച്ചു. എസ‌്എഫ‌്ഐ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ സ്ഥാനാർഥികൾക്കെതിരെ വ്യക്തിപരമായും സംഘടനയ്ക്കെതിരെ സംഘടിതമായും വൻ പ്രചാരണമാണ‌് കലാലയ തെരഞ്ഞെടുപ്പിന‌് മുന്നോടിയായി നടന്നത‌്. എസ‌്എഫ‌്ഐ ഒറ്റയ്ക്ക‌് നേരിട്ട കെഎസ‌്‌യു, എംഎസ‌്എഫ‌് , എബിവിപി, ക്യാമ്പസ‌് ഫ്രണ്ട‌് കൂട്ടുകെട്ടുകളെ തൂത്തെറിഞ്ഞു. വൻവിജയം നേടി ആഹ്ലാദപ്രകടനം നേടിയ എസ‌്എഫ‌്ഐ പ്രവർത്തകർക്കുനേരെ വിവിധയിടങ്ങളിൽ കെഎസ‌്‌യു, എസ‌്‌ഡിപിഐ പ്രവർത്തകർ ആക്രമണം നടത്തി.









0 comments