ഓണവിപണി ലക്ഷ്യമിട്ട് സ്പിരിറ്റ് കടത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2018, 08:07 PM | 0 min read

പാറശാല  
ഓണവിപണി ലക്ഷ്യമിട്ട് അതിർത്തി കടന്ന് വൻതോതിൽ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതായി സൂചന. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായ രീതിയിൽ സ്പിരിറ്റ് കടത്ത് നടക്കുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനായി പുത്തൻനൂതന വിദ്യകളാണ് പ്രയോഗിക്കുന്നത്. ആംബുലൻസ്, പ്രസ‌് സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾ, വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി പോകുന്ന ആഡംബര കാറുകൾ, പൂവ്, പച്ചക്കറി, പലവ്യഞ്ജനസാധനങ്ങൾ കയറ്റിയ വാഹനങ്ങൾ കൂടാതെ അന്തർ സംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തുന്ന ആഡംബര സ്വകാര്യ ബസുകൾ എന്നിവ വഴിയാണ് കടത്ത്. 
 
ഇതിന് പുറമെ ദേശീയപാതയിലൂടെ മൽസ്യം, മാംസാവശിഷ്ടങ്ങൾ മുതലായവ കയറ്റി വരുന്ന വാഹനങ്ങളും സ്പിരിറ്റ് ലോബികൾ ഉപയോഗിക്കുന്നു. അസഹ്യമായ ദുർഗന്ധം കാരണം പലപ്പോഴും കൂടുതൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വരുന്നു.
 
 അന്യസംസ്ഥാനങ്ങളിൽനിന്ന‌് കൊണ്ടുവരുന്ന സ്പിരിറ്റ് ദേശീയപാതയിലൂടെ കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഇവ ഏജന്റുമാർ വഴി അതിർത്തി ഭാഗങ്ങളിലെ ഗോഡൗണുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പറമ്പുകളിലും കനാലുകളിലും ചതുപ്പ് പ്രദേശങ്ങളിലും സൂക്ഷിച്ച ശേഷം കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടറോഡുകൾ വഴിയും ലക്ഷ്യസ്ഥാനത്തെത്തിക്കും. 
 
പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന നടക്കുന്ന സ്ഥലങ്ങളെപ്പറ്റി മുൻകൂട്ടി വിവരമറിയിക്കാനായി പല ഭാഗങ്ങളിലും സ്പിരിറ്റ് ലോബികൾ നിയോഗിക്കുന്ന ഏജന്റുമാരും പ്രവർത്തിക്കുന്നു. മാർത്താണ്ഡത്തെ നേശമണി പാലം വഴിയും മേൽപ്പാല, തോലടി, ദേവികോട്പുന്നാക്കര ,നിലമാമൂട് വഴിയും ചെറിയ കൊല്ല ,വെള്ളച്ചിപ്പാറ എസ്‌റ്റേറ്റ് റോഡ്, അമ്പൂരി, കണ്ടംതിട്ട പന്ത വഴിയും പനച്ചമൂട് ആറാട്ടുകുഴി തുടങ്ങിയ ഊടുവഴികളുമാണ് കടത്തുകാർ  ഉപയോഗിക്കുന്നത്. 
 
കടൽമാർഗം ബോട്ടുകളിലും ചെറുവള്ളങ്ങളിലും എത്തിക്കുന്നുണ്ട്. അതിർത്തിയിലെ കുളച്ചൽ, കൊല്ലങ്കോട്, വളളവിള, പൂവാർ, വിഴിഞ്ഞം തുടങ്ങിയ ഭാഗങ്ങളിലെ കടൽമാർഗമാണ് ഉപയോഗിക്കുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home