കനത്ത മഴയിൽ വ്യാപക നാശനഷ്ടം

പേരൂർക്കട
ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പേരൂർക്കടയിൽ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. കുടപ്പനക്കുന്നിൽ ചെട്ടി വിളാകം വാർഡിൽ രവി നഗറിൽ ജയചന്ദ്രൻ, രമ, ബാബുരാജ്, വിഷ്ണു, കാർത്തികേശൻ, രവീന്ദ്രൻനായർ, സന്തോഷ് എന്നിവരുടെ വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ചു. കുടപ്പനക്കുന്ന് വാർഡിൽ ശ്രീകാന്ത് നഗറിൽ ഉല്ലാസിന്റെ വീടിന് പുറകിലെ മൺതിട്ട ചൊവ്വാഴ്ച ഉച്ചയോടെ ഇടിഞ്ഞ് വീണ് മതിലും അടുക്കള ഭാഗവും തകർന്നു. അടുക്കളയിൽ ജോലിയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. കരകുളം മോട്ടുംമൂല കെ പി ലെയിനിൽ ഓമനക്കുട്ടന്റെ അടുക്കള തകർന്നു. ഏണിക്കര ചെറുവള്ളി ലെയിനിൽ വെള്ളം കയറി റോഡ് തകർന്നു. കുടപ്പനക്കുന്ന് കുന്നത്ത് ലെയിനിൽ ആൾതാമസമില്ലാത്ത പഴയ വീട് നിലംപൊത്തി. കൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായി.
കഴക്കൂട്ടം
തെറ്റിയാർ തോട് കരകവിഞ്ഞതിനെത്തുടർന്ന് ഒമ്പത് വീട്ടുകാർ ഒറ്റപ്പെട്ടു. തെറ്റിയാർ തോട് കായലിനോട് കൂടിച്ചേരുന്ന നഗരസഭയുടെ പൗണ്ടുകടവ് വാർഡിലെ പുളിമുട്ടം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത് . 15 അടി പൊക്കത്തിൽ നിർമിച്ച നടപ്പാലം പൂർണമായി വെള്ളത്തിൽ മുങ്ങി. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുളിമുട്ടം നാല്പതടി പാലത്തിന് സമീപം പുതുവൽ പുത്തൻ വീട് താമസക്കാരായ രഞ്ജിത്ത്, ജയരാജ്, പൂമണി, പൊന്നമ്മ, പുളിമുട്ടം മമ്പുറം നിവാസികളായ ജമീല , നസീമ ,റംലത്ത് , ബദറുദീൻ ,സുലൈമാൻഎന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്
ടെക്‌നോപാർക്കിന് സമീപത്ത് കൂടി ഒഴുകുന്ന തെറ്റിയാർ കരകവിഞ്ഞ‌് ഒഴുകി പല സ്ഥലങ്ങളിലും വെള്ളം കയറി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ വെള്ളം കയറി. ശ്രീകാര്യത്ത് ലാറ്റക്സിന് സമീപം ചിറ്റാം കോണത്ത് വെള്ളം കയറിയതിനാൽ മോഹൻ ദാസിന്റെ വീട്ടിന്റെ അടുക്കള ഭാഗം പൂർണമായി ഇടിഞ്ഞു.
ബാലരാമപുരം
തോരാമഴയിൽ നേമത്ത‌് സ‌്കൂളിൽ വെള്ളം കയറി. ബാലരാമപുരത്ത‌് മൂന്ന‌് വീട‌് തകർന്നു. പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിൽ ഓണം പച്ചക്കറി കൃഷിക്ക‌് വ്യാപകനാശം. നേമത്ത‌് കുളക്കുടിയൂർക്കോണം വ്യാസ വിദ്യാലയമാണ‌് വെള്ളത്തിൽ മുങ്ങിയത‌്. കല്ലിയൂർ ചെറുബാലമന്ദം ക്ഷേത്രത്തിനു സമീപം തോടു കരകവിഞ്ഞ‌് നാലു വീട‌് അപകടനിലയിലാണ‌്.
പള്ളിച്ചൽ പഞ്ചായത്തിൽ ഇടയ‌്ക്കോട‌് രാധാകൃഷ‌്ണൻനായരുടയും ജോർജിന്റെയും രണ്ടേക്കർവീതം പാവൽ, പടവലം, വെള്ളരി തുടങ്ങിയ കൃഷി നശിച്ചു.
ബാലരാമപുരത്ത‌് എരുവത്താവൂർ കിഴക്കേ മലഞ്ചരിവിൽ വിധവയായ മിനി (45)യുടെ വീടാണ‌് തകർന്നത‌്. തെക്കേ മലഞ്ചരിവിൽ ടാർപ്പകൊണ്ട‌് മേൽകൂര നിർമിച്ചിരുന്ന സെൽവരാജിന്റെ (50) വീടും തകർന്നു. ഐത്തിയൂരിൽ കരയ‌്ക്കാടുവിള ഷാഹുൽഹമീദിന്റെ (47) വീട‌് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു.
വിളപ്പിൽ
അരുവിക്കര പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. അരുവിക്കര മണമ്പൂർ കടയറ തോട്ടരികത്ത് വീട്ടിൽ കൃഷ്ണന്റെ വീടിന് മുൻവശത്തെ കരയിടിഞ്ഞ് തോട്ടിലേക്ക് പോയി . കരയിൽനിന്ന നിരവധി മരങ്ങൾ കടപുഴകി വീണു. അരുവിക്കര പണയിൽ വീട്ടിൽ വസന്തകുമാരിയുടെ വീട് വെള്ളത്താൽ ചുറ്റപ്പെട്ടു .
വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് വാർഡിൽ ചെന്നാത്ത് കോണത്ത് അനൂപ് ലാലിന്റെ ടെറസ് വീട്ടിൽ മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് വീടിന് പുറകിലെ മൺ തിട്ട ഇടിഞ്ഞ് വീട്ടിലേക്ക് വീണത്. ആളപായമില്ല. വീടിന് പിൻഭാഗത്തെ വാതിൽ തകർന്നു. കോൺക്രീറ്റ് മേൽക്കൂരയ്ക്കും കേടുപാടുകൾ പറ്റി . പൈപ്പ് ലൈനുകൾ പൂർണമായി തകർന്നു .
വിളപ്പിൽ പഞ്ചായത്തിൽ പലയിടങ്ങളിലും വീടുകൾ വെള്ളത്തിലായി. ശാസ്താംപാറ ടൂറിസം കേന്ദ്രത്തിന് സമീപം വിളപ്പിൽശാല ശാസ്താംപാറ റോഡിൽ അരത്തോണിക്കുഴി അനീഷ് ഭവനിൽ ബാബുവിന്റെ വീട്ടുവളപ്പിലേക്ക് റോഡിന്റെ സൈഡ് വാൾ ഇടിഞ്ഞ് വീണു . ആളപായമില്ല. മലമുകളിൽനിന്ന് കുത്തിയൊലിച്ചുവന്ന മഴവെള്ളം കാരണമാണ് മണ്ണിടിച്ചിലുണ്ടായത് ബാബുവിന്റെ വീട്ടിലും സമീപത്തെ വീടുകളിലും മഴവെള്ളവും മണ്ണും കൊണ്ട് നിറഞ്ഞു.
വെഞ്ഞാറമൂട്
ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകൾക്കു മുകളിലേക്ക് മരം കട പുഴകി വീണ് ചെറിയ നാശ നഷ്ടങ്ങളുണ്ടായി. രാവിലെ ഏഴിന് കല്ലറ പാട്ടറയിൽ ജലാലുദ്ദീന്റെ വീട്ടിലും പകൽ ഒന്നിന് മാങ്കുഴി ഉതൃട്ടാതിയിൽ ഉഷാകുമാരിയുടെ വീട്ടിനു മുകളിലേക്കുമാണ് മരങ്ങൾ കടപുഴകി വീണത്. വെഞ്ഞാറമൂട്ടിൽനിന്ന‌് ഫയർഫോഴ്‌സ് എത്തി രണ്ടിടത്തുനിന്ന‌് മരങ്ങൾ മുറിച്ചു മാറ്റി.
പാലോട്
തുടർച്ചയായ മഴയിൽ വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നത് തീരവാസികളെയും കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തി. കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പാലോട് ജങ‌്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളാണ് ഭീതിയുടെ നടുവിലായത്. പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വാഴ, മരച്ചീനി മുതലായ വിളകൾ പരക്കെ നശിച്ചു. മരങ്ങൾ കടപുഴകി തകർന്ന വീടുകൾ നിരവധിയാണ്. അടിപറമ്പ്, വെങ്കിട്ട, പുലിയൂർ, ഇലവുപാലം പ്രദേശങ്ങളിലാണ് കൃഷിനാശം കൂടുതലുള്ളത്. ഇടിമിന്നലിൽ പേരയം ആർഎസ്.പുരം സണ്ണിയുടെ വീട്ടിലെ വയറിങ‌് പൂർണമായി കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. പൊൻമുടിയിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. വില്ലേജ്, കൃഷിഭവൻ ഉദ്യോഗസ്ഥർ നാശനഷ്ടം നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ചു. പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ ഇരുപതോളം വീട‌് തകർന്നതായാണ് റിപ്പോർട്ട്. മരങ്ങൾ കടപുഴകിയാണ് മിക്ക വീടുകളും തകർന്നത്.
പാറശാല -
ശക്തമായ മഴയിൽ പാറശാല ഏരിയയിലെ വിവിധ ഭാഗങ്ങളിലെ ഏലാകളിൽ വെള്ളം കയറി. പല ഏലാകളിലെയും കുലച്ചതും കുലയ‌്ക്കാത്തതുമായ നിരവധി വാഴകളും പച്ചക്കറികളും നെൽകൃഷിയും മരച്ചീനിയുമുൾപ്പെടെ വെള്ളം കയറിയ അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. പാറശാല പ്രദേശത്തിലെ കാരാളി, ഇഞ്ചിവിള, മേലക്കോണം, പരശുവയ‌്ക്കൽ, നെടിയാങ്കോട് തുടങ്ങിയ ഭാഗങ്ങളിലെ ഏലാകൾ വെള്ളത്തിനടിയിലാണ്. കോട്ടയ‌്ക്കകം ചെറുവട്ടൂർ പൊറ്റയിൽ ഇറിഗേഷന്റെ കലുങ്ക് ശക്തമായ മഴയത്ത് തകർന്നു. കൊല്ലയിൽ പഞ്ചായത്ത് മേഖലയിലെ കണ്ണങ്കുഴി, മേക്കൊല്ല , എയ്തു കൊണ്ട കാണി, നടൂർകൊല്ല ഭാഗങ്ങളിലെ ഏലാകളിലും വെള്ളം കയറി. ശക്തമായ മഴയിൽ മഞ്ചവിളാകം കനാൽ ബണ്ട് റോഡ് തകർന്നു. ചെങ്കലിലെ കരിക്ക കരി , നൊച്ചിയൂർ , പ്ലാവില മൂല, കണ്ടൽ തുടങ്ങിയ ഏലാകളിലും വെള്ളം കയറി. കുളത്തൂരിലെ ആലായികോണം, നല്ലൂർ വട്ടം, മാവിളക്കടവ് ഭാഗങ്ങളിലെ ഏലാകളിലും കാരോട് ഭാഗത്തെ പനങ്കോട്, അയിര, പൂഴിക്കുന്ന്, കാന്തളളൂർ ,എറിച്ചല്ലൂർ തുടങ്ങിയ ഭാഗങ്ങളിലെ നെൽകൃഷിയുൾപ്പെടെയുള്ള ഏലാകളിലും ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂക്ഷമാണ്.









0 comments