Deshabhimani

ഗിഗ്‌ തൊഴിലാളി നേതാവിന്‌ ഗുരുതര പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:08 AM | 0 min read

തിരുവനന്തപുരം 
സ്വിഗി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അമീറിനെതിരെ ആക്രമണം. 
ബേക്കറി ജങ്‌ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ വിതരണകമ്പനിയിലെ സുരക്ഷാജീവനക്കാരനാണ്‌ ആക്രമിച്ചത്‌. സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ ആദിത്യനെയും ആദിത്യന്റെ പരാതിയിൽ ഗിഗ്‌ തൊഴിലാളികളായ അരുൺ, വിജയി എന്നിവരെയും കന്റോൺമെന്റ്‌ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. 
തലക്ക്‌  ഗുരുതരമായി പരിക്കേറ്റ അമീർ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. സമാധാനപൂർണമായി നടത്തിയ പണിമുടക്കിൽ മനഃപൂർവം പ്രശ്‌നം സൃഷ്‌ടിച്ച്‌ ആക്രമണം നടത്തുകയായിരുന്നെന്ന്‌ തൊഴിലാളികൾ പറഞ്ഞു. 
തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ സ്വിഗി മാനേജ്‌മെന്റ് തയ്യാറായില്ലെങ്കിൽ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിച്ച് കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് പറഞ്ഞു. 
പണിമുടക്കിയ തൊഴിലാളികൾ തിങ്കളാഴ്‌ച പ്രതിഷേധം രേഖപ്പെടുത്തുന്ന സന്ദർഭത്തിലാണ് മാനേജ്‌മെന്റ് പണിമുടക്കിനെ പരാജയപ്പെടുത്താൻ റിക്രൂട്ട് ചെയ്തിട്ടുള്ള ഗുണ്ടകളെയും മാരകായുധങ്ങളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്‌. 
പ്രശ്നം മാനേജ്‌മെന്റ് തന്നെ വഷളാക്കിയിരിക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് ശക്തമായി തുടരുവാനാണ് തൊഴിലാളികളുടെ തീരുമാനം. സ്വിഗി മാനേജ്‌മെന്റിന്റെ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ തൊഴിലാളികളോടും  കെ എൻ ഗോപിനാഥ് അഭ്യർഥിച്ചു.


deshabhimani section

Related News

0 comments
Sort by

Home