മേലാളത്വത്തിനുമേൽ 
പാഞ്ഞുകയറിയ വില്ലുവണ്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:37 PM | 0 min read

തിരുവനന്തപുരം
കാലം 1893. വെങ്ങാനൂരിൽനിന്ന്‌ കല്ലിയൂരിലേക്ക്‌ ഒരു വില്ലുവണ്ടി പുറപ്പെട്ടു. താഴ്‌ന്ന ജാതിക്കാർക്ക്‌ പൊതുവഴിയിലൂടെ നടക്കാൻ വിലക്കുണ്ടായിരുന്ന ജാതിവാഴ്‌ചയുടെ ഇരുണ്ടകാലത്തിന്റെ പാതകളിലൂടെ മേലാളത്വത്തെ വെല്ലുവിളിച്ച്‌ ആ വില്ലുവണ്ടി പാഞ്ഞു. രണ്ടുകാളകളെ പൂട്ടിയ വില്ലുവണ്ടിയിൽ പ്രഭുക്കന്മാരെപ്പോലെ വെള്ളഅരക്കയ്യൻ ബനിയനും മേൽമുണ്ടും തലപ്പാവുമണിഞ്ഞെത്തിയ അയ്യൻകാളിക്കു മുന്നിൽ അധികാരിവർഗം വിറച്ചു. 
അധഃസ്ഥിതർക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വഴികളിലൂടെയായിരുന്നു ആ വില്ലുവണ്ടി മണിമുഴക്കിയെത്തിയത്‌. സാമൂഹിക അസമത്വത്തെ വെല്ലുവിളിച്ച്‌ പ്രഭുവേഷത്തിലെത്തിയ അയ്യൻകാളിയെക്കണ്ട്‌ തമ്പ്രാക്കന്മാർ കോപത്താൽ വിറച്ചു. അവരുടെ ഗുണ്ടകൾ അയ്യൻകാളിയെ നേരിടാനെത്തി. 
എന്നാൽ, അരയിൽത്തിരുകിയ കഠാരയുമായി ചാടിയിറങ്ങിയ അയ്യൻകാളിയുടെ നിശ്ചയദാർഢ്യത്തിനും കരുത്തിനും മുന്നിൽ മാടമ്പിമാരുടെ ഗുണ്ടകൾക്ക്‌ തോറ്റോടേണ്ടി വന്നു. 
താഴ്‌ന്ന ജാതിക്കാരൻ പൊതുവഴിയിലൂടെ നടന്നാൽ മേലാളന്മാരുടെ ക്രൂരമർദനത്തിന്‌ ഇരയായ കാലത്ത്‌, വില്ലുവണ്ടി ഇടിച്ചുതെറിപ്പിച്ചത്‌ ജാതിവെറിയുടെ കോട്ടകളെയായിരുന്നു. കീഴാളരെന്ന്‌ മുദ്രകുത്തപ്പെട്ടവരെ മനുഷ്യരാക്കാനുള്ള അയ്യൻകാളിയുടെ പോരാട്ടങ്ങളിൽ ഒന്നായിരുന്നു വില്ലുവണ്ടിയാത്ര. 
സമാനതകളില്ലാത്ത ഒരു സമരരീതിയാണ്‌ അയ്യൻകാളി നടത്തിയത്‌. പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം മാത്രമല്ല, സംഘടിക്കാനുള്ള അവകാശംകൂടി അടിമകളായി ജീവിച്ചുവന്ന അയിത്തജാതിക്കാർക്കുണ്ടെന്ന പ്രഖ്യാപനംകൂടിയായിരുന്നു അത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സമരവാഹനവും ആ വില്ലുവണ്ടിയായിരുന്നു. ഈ സമരത്തോടെയാണ്‌ അയ്യൻകാളി നവോത്ഥാന പ്രസ്ഥാനത്തിന്റെ സമരനേതൃത്വത്തിലേക്ക് അയ്യൻകാളി നടന്നുകയറിയത്.
1889ൽ അനുയായികൾക്കൊപ്പം നടത്തിയ കാൽനടയാത്രയും ചരിത്രത്തിൽ ഇടംനേടി. സർവാധിപത്യത്തിന്റെ അതിക്രമങ്ങളെ നേരിട്ടായിരുന്നു അയ്യൻകാളിയുടെ മുന്നേറ്റം. ഒടുവിൽ പൊതുനിരത്തിലൂടെ താഴ്‌ന്നജാതിക്കാർക്ക്‌ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെടുംവരെ അയ്യൻകാളിയുടെ സമരം തുടർന്നു.


deshabhimani section

Related News

0 comments
Sort by

Home