ഐടിഐകളുടെ സമൂല പുനഃസംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം
സംസ്ഥാനത്തെ ഐടിഐകളുടെ സമൂലമായ പുനഃസംഘടനയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. നൈപുണ്യ വികസന രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ നിലവിൽ 108 ഐടിഐകളും ഒമ്പത് ആർഐ സെന്ററുകളും ഉൾപ്പെടെ നൂറ്റിരുപതോളം സ്ഥാപനങ്ങളുണ്ട്. ചാല ഗവ. ഐടിഐയുടെ പ്രവർത്തനോദ്ഘാടനവും ഇന്ത്യ സ്കിൽസ് വിജയികളുടെ അനുമോദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അടിച്ചമർത്തലിലും നാല് പുതിയ ഐടിഐകളാണ് സംസ്ഥാന സർക്കാർ ആരംഭിച്ചത്. ജോബ് ഫെയറിലും ക്യാമ്പസ് റിക്രൂട്ട്മെന്റിലുമായി 3894 ട്രെയിനികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരമായി ആധുനിക ട്രേഡുകൾ അനുവദിക്കുന്നതിനും ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻസിവിടി അഫിലിയേഷൻ ലഭിക്കുന്നതിന് ആവശ്യമായ എണ്ണം ട്രേഡുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. ഐടിഐ അധ്യാപകർക്ക് നിരന്തര പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കുമെന്നും പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. സുഫിയാൻ അഹമ്മദ്, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, കൗൺസിലർ ആർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments