പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ടുപേർക്ക്‌ സസ്‌പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 12:08 AM | 0 min read

തിരുവനന്തപുരം 
എസ്എടി ആശുപത്രിയിൽ ഞായർ രാത്രി വൈദ്യുതി തടസ്സപ്പെട്ട സംഭവത്തിൽ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി. മെഡിക്കൽ കോളേജ് ഇലക്‌ട്രിക്കൽ വിഭാഗം അസിസ്റ്റന്റ്‌ എൻജിനിയർ എ കനകലത, ഒന്നാം ഗ്രേഡ് ഓവർസിയർ സി ബി ബാലചന്ദ്രൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.    
ഞായർ പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ എസ്എടിയിൽ അറ്റകുറ്റപ്പണി നടത്തുന്ന വിവരം കെഎസ്‌ഇബി ശനിയാഴ്ച അറിയിച്ചിരുന്നു. ഇക്കാര്യം അസിസ്റ്റന്റ്‌ എൻജിനിയർ പൊതുമരാമത്ത് വകുപ്പ് മേലധികാരികളെ അറിയിച്ചില്ലെന്നും പകരം ഓവർസിയറിന്‌ ചുമതല നൽകി വീട്ടിലേക്ക് പോയെന്നും കണ്ടെത്തി. വൈകിട്ട് 5.40ന് വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഹൈടെൻഷൻ പാനലിലെ സർക്യൂട്ട് ബ്രേക്കർ തകരാറിലായി. ഇക്കാര്യവും എക്സിക്യൂട്ടീവ് എൻജിനിയറെ അറിയിച്ചില്ല. അസിസ്റ്റന്റ് എൻജിനിയർ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശ്യാംകുമാറിനോട്‌ മേൽനോട്ടം വഹിക്കാൻ നിർദേശിച്ചെങ്കിലും രണ്ട് മണിക്കൂറിനു ശേഷമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ഇതും ഗുരുതര വീഴ്‌ചയാണ്‌. ഹൈടെൻഷൻ പാനലിലെ തകരാർ പരിഹരിക്കാൻ അഞ്ച് മണിക്കൂറിലധികം വേണമെന്നറിയാവുന്നതിനാൽ പുറത്തുനിന്ന് ജനറേറ്റർ കൊണ്ടുവരേണ്ടതായിരുന്നു. വൈകിട്ട് അഞ്ചിന് വൈദ്യുതി തടസ്സപ്പെടുകയും എട്ട് മണിക്കൂറായിട്ടും എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദേശപ്രകാരം പുറത്തുനിന്ന് ജനറേറ്റർ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എൻജിനിയർ, ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ, ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ പ്രത്യേകമായി മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടുകളിൽ ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുതരവീഴ്ചയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് മന്ത്രി മുഹമ്മദ് റിയാസും സ്വീകരിച്ചതോടെയാണ്‌ സസ്‌പെൻഷൻ.


deshabhimani section

Related News

View More
0 comments
Sort by

Home