ആനന്ദത്തിനായി തുടക്കം, 
പിന്നാലെ ആദായവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 01:25 AM | 0 min read

കഴക്കൂട്ടം  
കോവിഡ്‌കാല വിരസതയിൽ തുടക്കമിട്ട പച്ചക്കറിക്കൃഷി റസലിന്‌ ഇന്ന്‌ ജീവിതവരുമാനംകൂടിയാണ്‌. കഴക്കൂട്ടം ചന്തവിളയിൽ 60 സെന്റ്‌ തരിശ്‌ പുരയിടം കൃഷിയോഗ്യമാക്കി പച്ചക്കറികളും വാഴപ്പഴങ്ങളും വിളയിച്ചെടുത്തിരിക്കുകയാണ് കാട്ടായിക്കോണം മേലെചന്തവിള പ്രശാന്ത് ഭവനിൽ എസ് റസൽ എന്ന പാരലൽ കോളേജ്‌ അധ്യാപകൻ.
 ഗൾഫിൽനിന്ന്‌ ഫോട്ടോഗ്രഫി പഠിച്ച്‌ വന്ന് വീണ്ടും അധ്യാപകനായി ജോലിചെയ്യുമ്പോഴാണ് കോവിഡ് എത്തിയത്‌. ഈ സമയത്താണ് പുരയിടം പച്ചക്കറിത്തോട്ടമാക്കാമെന്ന ആശയം ഉദിക്കുന്നത്. കഠിനാധ്വാനംകൊണ്ട് മനോഹരമായ ഒരു കൃഷിസ്ഥലമായി മാറി. വിവിധയിനം വാഴ, പയർ, വഴുതന, കത്തിരി, വെണ്ട, തക്കാളി തുടങ്ങിയ നിരവധിയിനം വിളകളാണ് ഇവിടെയുള്ളത്. മുന്തിയയിനം വിത്തുകളും തമിഴ്നാട്ടിൽനിന്ന്‌ വിവിധതരം വാഴക്കന്നുകൾ വാങ്ങിയും കൃഷി നടത്തി.
ശ്വാസകോശ ബുദ്ധിമുട്ടു കാരണം ഒരുതരം കീടനാശിനികളും ഉപയോഗിക്കില്ല.
പയറിനെയും പച്ചക്കറിയെയും നശിപ്പിക്കുന്ന മുഞ്ഞയെ ഇല്ലാതാക്കാൻ നീറ് എന്ന ഉറുമ്പിനെ വളർത്തി. ആദായത്തേക്കാൾ സംതൃപ്തിയാണ് റസൽ ഊന്നൽ നൽകുന്നത്.
 പച്ചക്കറി പരിപാലിക്കുന്നതിലൂടെ അത് വേണ്ടുവോളം കിട്ടുന്നു–- റസൽ പറഞ്ഞു. കഴക്കൂട്ടം കൃഷിഭവനിലും സമീപത്തെ ചന്തകളിലും വീടുകളിലും പച്ചക്കറികൾ നൽകും. കൂടാതെ വെറ്റിലക്കൊടി കൃഷിയും ഉണ്ട്. ഓണത്തിന് ധാരാളം പച്ചക്കറികളും ഏത്ത വാഴകളും വിറ്റു ലാഭം കിട്ടി.  ഭാര്യ ശോശാമ്മയും മകൻ പ്രശാന്തും  കൃഷിക്ക്‌ സഹായികളായുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home