10 പേരെ രക്ഷപ്പെടുത്തി;
മൂന്ന്‌ തൊഴിലാളികൾക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:37 AM | 0 min read

ചിറയിൻകീഴ് 
പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് വള്ളം മറിഞ്ഞ് അപകടം തുടർക്കഥയാകുന്നു. ചൊവ്വാഴ്ച ശക്തമായ തിരയിൽപ്പെട്ട് മൂന്നു വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു.10 തൊഴിലാളികളെ രക്ഷപ്പെടുത്തി. ചൊവ്വ രാവിലെ ആറിനാണ് ആദ്യ അപകടം. പുതുക്കുറിച്ചി സ്വദേശി കബീറിന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. നാല് തൊഴിലാളികളുമായി മീൻപിടിക്കാൻ പോകവേ അഴിമുഖത്തെ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്നവർ തെറിച്ച് കടലിൽ വീണെങ്കിലും ഫിഷറീസ് രക്ഷാ ഗാർഡുകളും കോസ്റ്റൽ പൊലീസും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. 
ഒരു മണിക്കൂറിനുശേഷം  7.15 ഓടെ മറ്റൊരു വള്ളം തിരയിൽപ്പെട്ട്‌ തലകീഴായി മറിഞ്ഞു. പെരുമാതുറ സ്വദേശി സഹീറിന്റെ സുൽത്താൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നുപേരും നീന്തി രക്ഷപ്പെട്ടു. എൻജിൻ നഷ്ടമായില്ലെങ്കിലും വള്ളം പൂർണമായും തകർന്നു. 
പകൽ 11ന് വർക്കല സ്വദേശി ഷാൻ ബഷീറിന്റെ ഇന്ത്യൻ എന്ന താങ്ങുവള്ളത്തിന്റെ ക്യാരിയർ വള്ളമാണ് മീൻ പിടിച്ച് തിരികെ വരുമ്പോൾ അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയടിച്ചുയർന്നുവീണ വള്ളം രണ്ടായി പിളർന്നു. വള്ളത്തിലുണ്ടായിരുന്ന അഭിജിത്, മുഹമ്മദ്, രാജു എന്നിവർക്ക്‌ തെറിച്ചുവീണ് പരിക്കേറ്റു. ഇവരെ തൊട്ടുപുറകിൽ വന്ന റാഫേൽ മാലാഖ എന്ന താങ്ങുവള്ളത്തിലെ തൊഴിലാളികൾ രക്ഷിച്ച്‌ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന വള്ളത്തിലെ എൻജിനും മറ്റ്‌ ഉപകരണങ്ങളും രക്ഷാപ്രവർത്തനം നടത്തിയവർ കരയിലെത്തിച്ചു. മുതലപ്പൊഴിയിൽ ശനിയാഴ്ച നടന്ന അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം നടന്നുതുൾപ്പെടെ 25ലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. നാലു മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പൊഴിയിലെ ആഴക്കുറവും കടൽക്ഷോഭവും തിരയിളക്കവുമാണ്‌ അപകട ഭീഷണിയാകുന്നത്‌. 


deshabhimani section

Related News

View More
0 comments
Sort by

Home