എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ പതാക ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 04:19 AM | 0 min read

കഴക്കൂട്ടം
ധീര രക്‌തസാക്ഷികളുടെയും സമരപോരാട്ടങ്ങളുടെയും സ്‌മരണകൾ ജ്വലിപ്പിച്ച്‌ എസ്‌എഫ്‌ഐ 46–-ാം ജില്ലാ സമ്മേളനത്തിന്‌ പതാക ഉയർന്നു. ചൊവ്വ പകൽ 11ന്‌ അജയ്‌ നഗറിൽ (കഴക്കൂട്ടം അൽസാജ്‌, അമരാന്ത ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ എം എ നന്ദൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം എം വിജിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
സ്‌കൂൾ വിദ്യാർഥികളിലുൾപ്പെടെ വർഗീയത വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ മോദി സർക്കാർ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്‌. 1957ലെ ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസനയമാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിന്‌ തുടക്കമിട്ടത്‌. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരുകൾ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ യുഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസമേഖലയെ തകർക്കാനാണ്‌ ശ്രമിച്ചത്‌. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും എം വിജിൻ പറഞ്ഞു.
എം എ നന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് കെ ആദർശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംഘടനാ റിപ്പോർട്ടും എം ബി വീണ രക്തസാക്ഷി പ്രമേയവും എം മനേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ ഡി രമേശൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി,   സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അഫ്സൽ, സെറീനാ സലാം, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അഞ്‌ജു കൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു. 
എം എ നന്ദൻ കൺവീനറായ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. എം എസ് ജയകൃഷ്‌ണൻ കൺവീനറായ മിനിറ്റ്‌സ്‌ കമ്മിറ്റിയും ആർ ജി ആഷിഷ്‌ കൺവീനറായ പ്രമേയം കമ്മിറ്റിയും ആർ അവിനാശ്‌ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
19 ഏരിയയിൽനിന്നും ഒരു ക്യാമ്പസ് ഏരിയ കമ്മിറ്റിയിൽനിന്നുമായി 360 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. പ്രതിനിധി സമ്മേളനം ബുധനാഴ്ച സമാപിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി.
 
ചരിത്രത്തണലിൽ പഞ്ചമിയുടെ പിൻമുറക്കാരി
എസ്‌ ഒ ദിനു
കഴക്കൂട്ടം
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനവേദിയായ അജയ്‌ നഗറിൽ പ്രത്യേകം ശ്രദ്ധനേടിയ ഒരാളുണ്ടായിരുന്നു. ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥിനി ബി ജെ ശാരിക. സമ്മേളനത്തിലെ പ്രസീഡിയം കമ്മിറ്റി അംഗമായ ശാരികയുടെ ജീവിതകഥ നവോത്ഥാന നായകൻ അയ്യൻകാളിയുമായി ബന്ധപ്പെട്ടതാണ്‌. 
കണ്ടലയിലെ കുടിപ്പള്ളിക്കുടത്തിൽ അയ്യൻകാളി ചേർത്ത പഞ്ചമിയെന്ന പെൺകുട്ടിയുടെ പിൻതലമുറക്കാരിയാണ്‌ ഈ യുവപോരാളി. ബന്ധം പറഞ്ഞുവരുമ്പോൾ ശാരികയുടെ മുതുമുത്തശ്ശിയാണ്‌ പഞ്ചമി. അമ്മയും പഴയ തലമുറക്കാരും പറഞ്ഞുകൊടുത്ത അറിവുകൾ മാത്രമേയുള്ളൂവെങ്കിലും ആ ചരിത്രത്തിന്റെ തണലിൽ ജീവിക്കാനായത്‌ അഭിമാനമാണെന്ന്‌ ശാരിക പറഞ്ഞു. തന്റെ അമ്മയുടെ അച്ഛന്റെ അമ്മയുടെ സഹോദരന്റെ മകളാണ്‌ പഞ്ചമി എന്ന അറിവുമാത്രമാണുള്ളത്‌. പഴയ കഥകൾ ഓർമയുള്ളവരാരും ഇന്ന്‌ കുടുംബത്തിൽ ജീവിച്ചിരിപ്പില്ല. ഏഴാംക്ലാസുവരെ പഠിച്ചത്‌ പഞ്ചമിയുടെ സ്‌കൂളിൽത്തന്നെയാണെന്നും ശാരിക പറഞ്ഞു. മഞ്ഞാറമൂല എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗമാണ്‌. പഠിക്കാനും പോരാടാനും മുന്നിൽനിൽക്കുന്നത്‌ എസ്‌എഫ്‌ഐ ആണെന്നും അതിൽ അംഗമായതിൽ അഭിമാനമുണ്ടെന്നും ശാരിക പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home