നഗരത്തിന് 
പുതുവത്സര സമ്മാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 03:12 AM | 0 min read

പത്തനംതിട്ട
നഗരസഭയുടെ പുതുവത്സര സമ്മാനമായി നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് യാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാടിന് സമർപ്പിക്കും. പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിങ്‌ ലോട്ട് എന്നിവ പൂർത്തിയാക്കി തണൽ മരങ്ങൾ വച്ചു പിടിപ്പിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമാണവും കാരണം വർഷങ്ങളായുള്ള ശോച്യാവസ്ഥയ്ക്ക് ശാസ്ത്രീയ പരിഹാരം കണ്ടിരിക്കുകയാണ് നഗരസഭാ ഭരണ സമിതി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച മൂന്നാമത്തെ യാർഡ് കൂടി സജ്ജമായി അന്തർസംസ്ഥാന ബസ് ഹബ്ബായി പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹാജി സി മീരാസാഹിബ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം പൂർണതോതിലാകും.
ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിലാണ് നടപ്പാത. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിങ്‌ സൗകര്യവും നടപ്പാതയോട് ചേർന്ന് സജ്ജീകരിക്കുന്നുണ്ട്. തണൽ ഒരുക്കുന്നതിനായി ഇവിടെ വളർച്ചയെത്തിയ മരങ്ങൾ വച്ച് പിടിപ്പിക്കും. ലഭ്യമായ അഞ്ച്‌ ഏക്കർ സ്ഥലവും പൂർണമായി ഉപയോഗപ്പെടുത്തിയാണ് നിർമാണം. ബസ് സ്റ്റാൻഡിന്റെ കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി. സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം മുകൾ നിലയുടെ നിർമാണം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
    സമീപ ദശാബ്ദങ്ങളിൽ ഉയർന്നുവരാൻ സാധ്യതയുള്ള ആവശ്യകതകൾ കൂടി പരിഗണിച്ചാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. നഗര ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭരണസമിതി നടപ്പിലാക്കുന്ന പദ്ധതികൾ അർഥപൂർണ്ണമാകുന്നത് ജനങ്ങൾ ഇവ ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home