ഉദ്യോഗസ്ഥർ കാര്യങ്ങൾ നടത്തി കൊടുക്കണം: മന്ത്രി പി രാജീവ്

റാന്നി
ന്യായത്തിനുവേണ്ടി ചട്ടത്തെ മുറുകെപ്പിടിച്ചിരിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. "കരുതലും കൈത്താങ്ങും' റാന്നി താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാലത്തിന് വന്ന മന്ത്രിമാർക്ക് വകുപ്പ് നോക്കാതെ തീരുമാനമെടുക്കാനുള്ള അനുമതി മന്ത്രിസഭ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനാധിപത്യ സർക്കാരിന്റെ ജനകീയ ഇടപെടലാണ് അദാലത്ത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അദാലത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. സമയബന്ധിതമായി ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. വൈകുന്ന തീരുമാനങ്ങൾ നീതി നിഷേധം ആണെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. കലക്ടർ എസ് പ്രേം കൃഷ്ണൻ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ഗോപി, കെ കെ വത്സല, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ, കെ ആർ പ്രകാശ്, അഡ്വ. ബിന്ദു റെജി, ലത മോഹൻ, കെ ആർ സന്തോഷ്, അമ്പിളി പ്രഭാകരൻ, ഏ ഡി എം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു.









0 comments