പരീക്ഷയെഴുതാൻ പോയി തീരാനോവായി...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:15 AM | 0 min read

 

ഇരവിപേരൂർ 
മകൾ അലീനയ്ക്ക് ബിഎസ്‌സി നഴ്‌സിങ്‌ പരീക്ഷയെഴുതാൻ ബംഗളൂരുവിലേക്ക്‌ പോയി തീരാനോവായി ജേക്കബ്‌ ഏബ്രഹാമും ഷീലയും. കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലിലാണ്‌ ഇരവിപേരൂർ കുറ്റിയിൽവീടിന്റെ പരിസരവാസികൾ. കുടുംബശ്രീ യോഗങ്ങളടക്കമുള്ളവ നിരന്തരം നടക്കുന്ന കുറ്റിയിൽ വീടിന്റെ വരാന്ത വ്യാഴാഴ്‌ച മൂകമായി. യോഗം നടക്കുന്നിടത്തേക്ക്‌ കാപ്പിയുമായി വരാൻ ഇനി ഷീലചേച്ചിയില്ല. പ്രവാസജീവിതം അവസാനിപ്പിച്ച്‌ ജേക്കബ്‌ ഏബ്രഹാം നാട്ടിലെത്തി രണ്ട്‌ വർഷമായതേയുള്ളൂ. ഏറെ പ്രിയപ്പെട്ടവരായ ദമ്പതികളുടെ മരണത്തിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണ്‌ നാട്‌. 
19ന്‌ നടക്കേണ്ട മകളുടെ പരീക്ഷയ്‌ക്കുവേണ്ടിയാണ്‌ മകളുമായി വ്യാഴാഴ്‌ച പുലർച്ചെ ദമ്പതികൾ കാറിൽ പുറപ്പെട്ടത്‌. പിഞ്ചുകുഞ്ഞ്‌ ഉള്ളതിനാൽ ട്രെയിനും ബസുമൊന്നും വേണ്ടെന്ന്‌ വെച്ച്‌ കാറെടുത്ത്‌ പോവുകയായിരുന്നു. വീട്ടുപരിസരത്ത്‌ കൂടി പോകുമ്പോൾ സ്ഥിരമുള്ള കുശലങ്ങളുമായി ജേക്കബും ഷീലയും ഇനിയില്ലെന്ന്‌ വിശ്വസിക്കാനാവാതെ കുറ്റിയിൽ വീടിന്റെ മുറ്റത്ത്‌ അയൽക്കാരുടെ നിറകണ്ണുകൾ മാത്രം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അലീന ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് നാട്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home