471 ഹെക്ടർ 
നെൽകൃഷി നശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 01:49 AM | 0 min read

തിരുവല്ല
കനത്ത മഴയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ അപ്പർകുട്ടനാട്ടിലെ ബണ്ടുകൾ തകർത്തു. ജില്ലയുടെ പടിഞ്ഞാറൻ പാടശേഖരങ്ങളിൽ വിത കഴിഞ്ഞ 471 ഹെക്ടർ നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു. വിത കഴിഞ്ഞതും വിതയ്ക്കാൻ ഒരുക്കിയിട്ടിരുന്നതുമായ പെരിങ്ങര പഞ്ചായത്തിലെ 14 പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. 483 കർഷകരെ ഇത് ബാധിച്ചിട്ടുണ്ട്. പെരിങ്ങര ഒന്നാം വാർഡിൽ വടവടി പാടശേഖരത്തിന്റെ പുറംബണ്ട് ചൊവ്വാഴ്ച രാവിലെയും പെരിങ്ങര പായിപ്പാട് പഞ്ചായത്തുകൾ ചേരുന്ന പായിപ്പാടിന്റെ അതിർത്തിക്കുള്ളിൽ അഞ്ചടി വേളൂർ മുണ്ടകം പാടശേഖരത്തോട് ചേർന്നുള്ള ബണ്ട് ചൊവ്വാഴ്ച രാത്രിയുമാണ് തകർന്നത്. 

രണ്ടു ജില്ലകളിലായി 600 ഏക്കർ വിസ്‌തൃതിയുള്ള ഏറ്റവും വലിയ പാടശേഖരമാണ് വേളൂർ മുണ്ടകം. ബണ്ടിനെ ബലപ്പെടുത്തി നിന്ന തെങ്ങുകളെ കടപുഴക്കിയാണ് ബണ്ടുകൾ തകർത്ത് വെള്ളം ശക്തമായൊഴുകി പാടശേഖരങ്ങളെ മുക്കിയത്. പടവിനകം എ, പടവിനകം ബി, കൈപ്പാല പടിഞ്ഞാറ്, പരൂർ കണ്ണാട്, വേങ്ങൽ, പാണാകേരി, വടവടി, കൈപ്പാല കിഴക്ക്, അഞ്ചടി വേളൂർ മുണ്ടകം എന്നീ പാടശേഖരങ്ങളാണ് വിത കഴിഞ്ഞിരുന്നത്. മൂന്ന് ദിവസം മുമ്പ്‌ മുതൽ മൂന്നാഴ്ച മുമ്പുവരെ വിതച്ച പാടങ്ങളാണിവ. വിതയ്ക്കായി ഒരുക്കിയിട്ടിരുന്ന തോട്ടുപുറം, പെരിയനടി, തെക്കേ അഞ്ചടി, പുതുക്കാട് കൈപ്പുഴ, കൂരച്ചാൽ, മാണിക്ക തടി, പെരുന്തുരുത്തി തെക്ക് എന്നീ പാടശേഖരങ്ങളും മുങ്ങിപ്പോയി. പായലും പോളയും നിറഞ്ഞ പാടങ്ങൾ വെള്ളം താഴ്‌ന്നുകഴിഞ്ഞാൽ വീണ്ടും ഒരുക്കേണ്ടി വരും. പുറംബണ്ടുകൾ തകർന്നപ്പോൾ ശക്തമായ ഒഴുക്കിൽ പാടശേഖരങ്ങളിലെ എല്ലാ മടകളും വീണു. ഫെയ്‌ഞ്ജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ഉണ്ടായ കനത്ത മഴയാണ് അപ്പർകുട്ടനാട്ടിലെ കർഷകർക്കും വിനയായത്.

വിതയ്ക്കുന്ന സമയത്തെത്തിയ കാലാവസ്ഥാ വ്യതിയാനം എല്ലാം മാറ്റിമറിച്ചു. നവംബർ പകുതിയോടെ വിത പൂർണമാകുന്ന പാടശേഖരങ്ങളാണിവ. എന്നാൽ നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ലഭിച്ച വിത്തുകളിൽ പകുതിയും കിളിർക്കാത്തവയാണെന്ന പരാതിയിൽ വേണ്ടത്ര പരിശോധന നടത്തി വീണ്ടും വിത്തെത്തിച്ചാണ് ഇത്തവണ വിത നടന്നത്. ഇതിനിടയിലാണ് കനത്ത മഴ കൃഷിയാകെ പ്രതിസന്ധിയിലാക്കിയത്.  വീണ്ടും നിലമൊരുക്കി കൃഷിയിറക്കണമെങ്കിൽ അതിന് വേണ്ടതായ വിത്ത് ലഭിക്കാനിടയില്ല. അഥവാ കിട്ടിയാൽ തന്നെ പ്രധാന ബണ്ടുകളുടെയും ചെറു ബണ്ടുകളുടെയും മടകളുടെയും പുനർനിർമാണവും ബണ്ടുകൾ ബലവത്താക്കുകയും വേണം. ഇതിനും സമയമെടുക്കും.

കനത്ത കാർഷിക പ്രതിസന്ധിയിലേക്കാണ് അപ്പർ കുട്ടനാട്ടിലെ കർഷകരെ മഴ കൊണ്ടെത്തിച്ചത്. 



deshabhimani section

Related News

View More
0 comments
Sort by

Home