ദൂരമേറെ കുറയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:43 AM | 0 min read

-അടൂർ
ദേശീയപാത 66, എംസി റോഡ്‌, കെപി റോഡ്‌ എന്നിവയെ ബന്ധിപ്പിച്ച്‌ കൊട്ടിയം –- പന്തളം സംസ്ഥാന പാതയ്ക്ക്‌ രൂപം നൽകണമെന്ന ആവശ്യം ശക്തം. ദേശീയപാത 66ൽ കൊട്ടിയത്ത്‌ നിന്നാരംഭിച്ച്‌ കണ്ണനല്ലൂർ, കുണ്ടറ, ചിറ്റുമല, കിഴക്കേ കല്ലട, ചീക്കൽകടവ്‌, നെടിയവിള, ഏഴാംമൈൽ, ഇടയ്‌ക്കാട്‌, തെങ്ങമം, പള്ളിക്കൽ വഴി കെപി റോഡിൽ പഴകുളത്ത്‌ എത്തി കുരമ്പാലയിലൂടെ എംസി റോഡിൽ പന്തളത്ത്‌ സമാപിക്കുന്നതാണ്‌ നിർദിഷ്‌ട പാത.  
കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ  പോകുന്ന പാത ഏത്‌ അടിയന്തര ഘട്ടത്തിലും എംസി റോഡിനും ദേശീയപാതയ്‌ക്കും സമാന്തരമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്‌. കോട്ടയത്തിനും തിരികെ തിരുവനന്തപുരത്തിനും എളുപ്പം യാത്രചെയ്യാനും പ്രയോജനപ്പെടും. കുണ്ടറയിൽ കൊല്ലം–-കൊട്ടാരക്കര–-ചെങ്കോട്ട ദേശീയപാതയിലൂടെയും ഏഴാംമൈലിൽ നിർദിഷ്‌ട ഭരണിക്കാവ്‌–-വണ്ടിപ്പെരിയാർ ദേശീയപാതയിലൂടെയുമാണ്‌ പാത പോകുന്നത്‌. ഏഴാംമൈലിൽ നിന്നും ഭരണിക്കാവ്‌, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കും അടൂർ, പത്തനംതിട്ട, ശബരിമല ഭാഗത്തേക്കും പോകാം. പഴകുളത്ത്‌ എത്തിയാൽ കറ്റാനം, നൂറനാട്‌, കായംകുളം ഭാഗത്തേക്കും അടൂർ ഭാഗത്തേക്കും പോകാം. പന്തളത്ത്‌ എംസി റോഡിൽ എത്തുന്നതോടെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൊടുപുഴ ഭാഗത്തേക്കും കിലോമീറ്ററുകൾ ലാഭിച്ച്‌ സുഗമമായി യാത്രചെയ്യാം. ഇവിടെ നിന്നും റാന്നി, അടൂർ റൂട്ടിലേക്കും എളുപ്പം പോകാം. പന്തളത്ത്‌ എത്തിയാൽ എംസി റോഡുവഴി പെരുമ്പാവൂർ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലേക്കും എളുപ്പം യാത്ര ചെയ്യാം. നിർദിഷ്‌ട സംസ്ഥാനപാത യാഥാർഥ്യമായാൽ നിരവധി ഗ്രാമപ്രദേശങ്ങളുടെ പുരോഗതിക്കും കൂടുതൽ ഗതാഗതസൗകര്യം കൈവരിക്കാനും സഹായമാകും. 
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം എത്താനും പുതിയ പാത ഉപകരിക്കും. ട്രെയിൻ സൗകര്യമില്ലാത്ത പന്തളം, പഴകുളം, പള്ളിക്കൽ, തെങ്ങമം, തെങ്ങമം, ഇടയ്‌ക്കാട്‌ പ്രദേശവാസികൾക്ക്‌ തലസ്ഥാനത്ത്‌ കിലോമീറ്ററുകൾ ലാഭിച്ച്‌ എത്താനും പാത സഹായിക്കും. പന്തളം മുൻസിപ്പാലിറ്റി, പഴകുളം, പള്ളിക്കൽ, പോരുവഴി, കുന്നത്തൂർ, കിഴക്കേകല്ലട, കുണ്ടറ, ഇളംമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട്‌   പഞ്ചായത്തുകളിലൂടെയുമാണ്‌ പാത പോവുക. നിർദിഷ്‌ട സംസ്ഥാന പാതയ്‌ക്കായി ശ്രമിക്കുമെന്നും ഇക്കാര്യം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിവിധ എംഎൽഎമാരും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home