മെ​ഗാ തൊഴില്‍ 
മേള നവംബറില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 01:42 AM | 0 min read

തിരുവല്ല
തൊഴിലന്വേഷകരുടെ പ്രിയങ്കര ഇടമായി വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്  തൊഴിൽ പദ്ധതി മാറുന്നു.  ശനിയാഴ്ച തിരുവല്ല മാര്‍ത്തോമ്മ കോളേജില്‍ നടന്ന തൊഴിൽമേളയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  കോട്ടയം ജില്ലയിലെ പൊൻകുന്നം, വാഴൂർ മേഖലയിൽ നിന്നും ഉദ്യോഗാർഥികൾ പങ്കെടുത്തു. ആകെ അഞ്ഞൂറിലധികം ഉദ്യോ​ഗാര്‍ഥികളാണ്  ഓൺലൈനായും നേരിട്ടും നടന്ന അഭിമുഖത്തില്‍ പങ്കെടുത്തത്. 
ശനിയാഴ്ച നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തവരില്‍ ഭൂരിഭാ​ഗം പേരും  കഴിഞ്ഞമാസം റാന്നിയിലും കുമ്പഴയിലെ മുസലിയാര്‍ എന്‍ജിനിയറിങ് കോളേജിലും പങ്കെടുത്ത് അഭിമുഖങ്ങളില്‍ പരാജയപ്പെട്ടവരായിരുന്നു. 
ഇവര്‍ക്കായി ഇത്തവണ പ്രത്യേക  ഊന്നല്‍ നൽകി നൈപുണ്യ പരിശീലനം നല്‍കിയുമാണ് ഉദ്യോ​ഗാര്‍ഥികളെ മേളയില്‍ പങ്കെടുപ്പിച്ചത്. ഏതുവിധത്തിലും ജോലി ലഭ്യമാക്കുക എന്ന ഉദ്ദേശമായിരുന്നു  ഇതിന്  പിന്നിൽ.  
വരുന്ന ശനിയാഴ്ച പൂജാ അവധിയൊഴികെ ഒക്ടോബറിലെയും  നവംബറിലെയും എല്ലാ ശനിയാഴ്ചകളിലും  മാർത്തോമ കോളേജിൽ തൊഴിൽമേള നടക്കും.
19ന് പ്രൊഫഷണൽ മേഖലയ്ക്കാണ് ഊന്നല്‍.  ബി ടെക്‌, എം ടെക്‌, എംബിഎ, ബിബിഎ, എംസിഎ, ബിസിഎ, നഴ്സിങ്‌, ഫാര്‍മസി, ഒപ്റ്റോമെട്രി, എംഎസ്ഡബ്ല്യു അടക്കമുള്ള മേഖലകളിലേക്കുള്ള സ്ഥാപനങ്ങളാണ് പങ്കെടുക്കുക. നവംബറിൽ അതിവിപുലമായി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെ​ഗാ തൊഴില്‍  മേളയും നടത്തും. 
മിഷന്‍ -90 പ്രവര്‍ത്തനങ്ങളുടെ ഭാ​ഗമായ ആദ്യ തൊഴില്‍മേളയാണ് ശനിയാഴ്ച മാര്‍ത്തോമ്മ കോളേജില്‍ നടന്നത്. അഞ്ഞൂറിലേറെ തൊഴിലന്വേഷകര്‍ പങ്കെടുത്തു. സ്പോട്ട് രജിസ്ട്രേഷനില്‍ മാത്രം 110 പേര്‍ പങ്കെടുത്തു. മുപ്പത്തിമൂവായിരത്തിലേറേ തൊഴിലവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കി. മുപ്പത് കമ്പനികള്‍ പങ്കെടുത്തു. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു മേള. 
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. മൈഗ്രേഷന്‍ കോണ്‍ക്ലേവ് ചെയര്‍മാന്‍ എ പത്മകുമാര്‍ അധ്യക്ഷനായി. രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മാത്യൂ വര്‍ക്കി, കോളേജ്‍ ഗവേണിങ്‌ കൗണ്‍സില്‍ ട്രഷറര്‍ തോമസ് കോശി, ഡോ. സജി ചാക്കോ എന്നിവര്‍ സംസാരിച്ചു. കോളേജ്‍ ഗവേണിങ്‌ കൗണ്‍സിലംഗം മനീഷ് ജേക്കബ് സ്വാഗതവും വിജ്ഞാന പത്തനംതിട്ട ഡിഎംസി ബി ഹരികുമാര്‍ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home