കലക്ടറേറ്റിൽ ഹാജർ ഇനി പഞ്ചിങ്ങിലൂടെ

പാലക്കാട‌്
കലക്ടറേറ്റ‌് പൂർണമായും പഞ്ചിങ‌് സംവിധാനത്തിന‌് കീഴിലായി. കലക‌്ടർ, എഡിഎം, കലക്ടറേറ്റിലെ ഇരുന്നൂറിലധികം വരുന്ന ജീവനക്കാർ എന്നിവരുടെ ഹാജർ പഞ്ചിങ‌് മെഷീൻവഴി രേഖപ്പെടുത്തി തുടങ്ങി. കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച‌് പഞ്ചിങ‌് മെഷീനുകൾ വഴിയാണ‌് ജീവനക്കാർ ഹാജർ രേഖപ്പെടുത്തുക.
കലക്ടറേറ്റിലെ ഡാറ്റാ സെന്ററും എൻഐസിയുമാണ് വിവരങ്ങൾ ശേഖരിച്ചത‌്. ജീവനക്കാരുടെ ശമ്പളം സ‌്പാർക്കുമായി (സർവീസ‌് ആൻഡ‌് പേറോൾ അഡ‌്മിനിസ‌്ട്രേറ്റീവ‌് റിപ്പോസിറ്ററി ഫോർ കേരള) ബന്ധിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
പഞ്ചിങ‌് രേഖപ്പെടുത്തി മൂന്നു മണിക്കൂറിനകം ഔട്ട് പഞ്ച് രേഖപ്പെടുത്താനാവില്ല. മാസത്തിൽ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിച്ചിട്ടുണ്ടെങ്കിലും പരിധി അവസാനിച്ച ശേഷം മൂന്നു തവണ താമസിച്ച് പഞ്ച് ചെയ്‌ത് ജോലിക്ക് കയറുകയോ മൂന്നു തവണ നേരത്തെ പോകുകയോ ചെയ്‌താൽ ഒരു കാഷ്വൽ ലീവായി പരിഗണിക്കും. രാവിലെ 10 മുതൽ വൈകിട്ട‌് 5വരെ ഏഴുമണിക്കൂറാണ് കലക്ടറേറ്റിലെ ജോലി സമയം.
ജില്ലയിലെ താലൂക്കുകളിലും ആർഡിഒ ഓഫീസിലും പഞ്ചിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന‌് എഡിഎം ടി വിജയൻ പറഞ്ഞു.









0 comments